പഞ്ചാബിൽ പെൺകുട്ടിയെ കൊലപ്പെടുത്തി കാമുകൻ; മടങ്ങുംവഴി കാർ അപകടത്തിൽ പെട്ടു

0
121

പഞ്ചാബിലെ മൊഹാലിയിൽ 27 കാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കാമുകൻ മടങ്ങുംവഴി കാർ അപകടത്തിൽ പെട്ടു. കൊലപാതകം നടത്തിയ ശേഷം പെൺകുട്ടിയുടെ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വഴിയിൽ വച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു. നിലവിൽ പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തർപ്രദേശ് (യുപി) സ്വദേശിയായ അനസ് ഖുറേഷി (30) ആണ് കാമുകിയായ ഏകതയെ കൊലപ്പെടുത്തിയത്. ഇയാളെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

ചണ്ഡീഗഡിൽ അനസ് ഒരു റസ്റ്റോറൻ്റ് നടത്തുന്നുണ്ട്. ഇതിനിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഏകത എന്ന പെൺകുട്ടിയുമായി പരിചയത്തിലായി. മൊഹാലിയിലെ ഖരാറിലെ വീട്ടിലാണ് ഏകതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം കൊണ്ട് ഏകതയുടെ കഴുത്തിൽ ഒട്ടേറെ മുറിവുകൾ ഉണ്ടായിരുന്നു. ഖരാറിലെ സണ്ണി എൻക്ലേവിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഈ സംഭവം നടന്നത്.

ഏകത വീട്ടിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ പ്രതി അനസ് ഖുറേഷിയും അവരുടെ വീട്ടിൽ കടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ യുവതിയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതും കാറിൽ രക്ഷപ്പെടുന്നതും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഏകദേശം 70 കിലോമീറ്റർ യാത്ര ചെയ്ത ശേഷം അനസ് സഞ്ചരിച്ച കാർ ഹരിയാനയിലെ ഷഹാബാദിന് സമീപം വെച്ച് അപകടത്തിൽ പെട്ടു. ഈ അപകടത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാൾ ചോദ്യം ചെയ്യാനുള്ള അവസ്ഥയിലല്ല.

ചണ്ഡീഗഡിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനസിനെ ഡിസ്ചാർജ് ചെയ്ത ശേഷം അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത ശേഷമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമാകൂ. പ്രതിയും യുവതിയും തമ്മിൽ അറിയാമായിരുന്നുവെന്ന് മാത്രമാണ് പൊലീസ് പറയുന്നത്.