‘പട്ടിയുടെ വാലിലും ഭരതനാട്യമാണിപ്പോൾ’; അധിക്ഷേപം തുടർന്ന് കലാമണ്ഡലം സത്യഭാമ

0
202

അധിക്ഷേപ പരാമർശം തുടർന്ന് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവർ മേക്കപ്പിട്ട് വൃത്തിയാകണമെന്നും നേരത്തെ നടത്തിയ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും സത്യഭാമ വ്യക്തമാക്കി.

മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം, മോഹനനാകരുതെന്നും, കറുത്തവർ മേക്കപ്പിട്ട് വൃത്തിയാകണമെന്നും കലോത്സവത്തിൽ പല കുട്ടികളും മേക്കപ്പിന്റെ ബലത്തിലാണ് രക്ഷപ്പെടുന്നതെന്നും സത്യഭാമ ആരോപിച്ചു. ആർഎൽവി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് സത്യഭാമ വീണ്ടും വംശീയ, ജാതീയധിക്ഷേപം ആവർത്തിച്ചത്. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഒട്ടും കുറ്റബോധമില്ലെന്നും സത്യഭാമ പറഞ്ഞു. കറുത്ത കുട്ടികൾ തന്റെ അടുത്ത് ഡാൻസ് പഠിക്കാൻ വന്നാൽ അവരോട് മത്സരിക്കാൻ പോകേണ്ടെന്ന് പറയുമെന്നും സൗന്ദര്യത്തിന് മാർക്ക് ഉണ്ടെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.

‘മോഹിനിയാട്ടം അവതരിപ്പിക്കുന്നത് മോഹിനിയാവണം, മോഹനനാവരുത്. കറുത്ത കുട്ടികൾക്ക് സൗന്ദര്യ മത്സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ?. ഞാൻ പറഞ്ഞത് എന്റെ അഭിപ്രായമാണ്. സൗന്ദര്യവും അഭിനയവും നോക്കിയാണ് കലോത്സവത്തിൽ മാർക്കിടുന്നത്. ഒരു മത്സരത്തിന് 5000 രൂപ കൊടുത്ത് മേക്കപ്പിടുന്നത് സൗന്ദര്യം ഉണ്ടാക്കിയെടുക്കാനാണ്. നാട്യശാസ്ത്രത്തിലും സൗന്ദര്യത്തെക്കുറിച്ച് പറയുന്നുണ്ട്. മേക്കപ്പ് ചെയ്ത് വൃത്തിയാക്കുന്ന കുറെ പയ്യൻമാർ ഇറങ്ങിയിട്ടുണ്ട്. അങ്ങനെ ചെയ്താൽ കറുത്ത കുട്ടികൾക്ക് മത്സരിക്കാനാകും. നിങ്ങൾക്ക് ഇപ്പോൾ ഒരു വാർത്തയാണ് വേണ്ടത്. ഞാൻ ആ അഭിമുഖത്തിൽ ആരുടെയും പേര് പറഞ്ഞിട്ടില്ല. പിന്നെ എന്താണ് നിങ്ങളുടെ പ്രശ്‌നം. ഞാൻ ഇനിയും പറയും. പറഞ്ഞതിൽ എനിക്ക് കുറ്റബോധമില്ല. ഞാൻ പറഞ്ഞത് സൗന്ദര്യത്തെ പറ്റിയാണ്’ -സത്യഭാമ പറഞ്ഞു.

കേസിന് പോയാൽ പോട്ടെയെന്നും ആരെയും ജാതീ അധിക്ഷേപം നടത്തിയിട്ടില്ലെന്നും പറഞ്ഞ സത്യഭാമ പട്ടിയുടെ വാലിലും ഭരതനാട്യമാണിപ്പോൾ എന്ന് പറഞ്ഞും അധിക്ഷേപം തുടർന്നു. പ്രതികരണത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് രോഷത്തോടെയായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം. കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ട നർത്തകനുമായ ഡോ. ആർ എൽ വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷപം നടത്തിയ സംഭവത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ നിന്നടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും അധിക്ഷേപ പരാമർശവുമായി സത്യഭാമ രംഗത്തെത്തിയത്.