ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം ഒരു ബഹുമതിയായി ചൂണ്ടിക്കാട്ടി ജാവേദ് മിയാൻദാദ്

0
229

അന്താരാഷ്‌ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം ഒരു ബഹുമതിയായി ചൂണ്ടിക്കാട്ടി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം ജാവേദ് മിയാൻദാദ്. ദാവൂദ് ഇബ്രാഹിം മുസ്ലിങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങൾ ദീർഘകാലം ഓർമ്മിക്കപ്പെടുമെന്ന് മിയാൻദാദ് പറഞ്ഞു.

ദാവൂദിനെ ഏറെക്കാലമായി അറിയാമെന്ന് മിയാൻദാദ് സമ്മതിക്കുകയും ദുബായിലെ തൻ്റെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ ഹസൻ നിസാറിൻ്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന നടത്തിയത്. മിയാൻദാദിൻ്റെ മകൻ ജുനൈദ് ദാവൂദിൻ്റെ മകൾ മഹ്റൂഘിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. വലിയ സുരക്ഷാ സന്നാഹങ്ങൾക്കിടയിൽ 2005ൽ ദുബായിൽ വെച്ചായിരുന്നു വിവാഹം.

“വർഷങ്ങൾക്ക് മുമ്പ് ദുബായിൽ വെച്ചുതന്നെ എനിക്ക് ദാവൂദ് ഭായിയെ അറിയാം. അദ്ദേഹത്തിൻ്റെ മകൾ എൻ്റെ മകനെ വിവാഹം കഴിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. കോൺവെൻ്റ് സ്കൂളിലും സർവ്വകലാശാലയിലും നിന്നും അവൾ മികച്ച വിദ്യാഭ്യാസം നേടിയിട്ടുണ്ട്. സമൂഹം പറയുന്ന പോലുള്ള ഒരു വ്യക്തിയല്ല ദാവൂദ്. മുസ്ലിങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ തങ്കലിപികളാൽ എഴുതപ്പെടും”- മിയാൻദാദ് പറഞ്ഞു.

1993ലെ മുംബൈ സ്ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരന്‍ ആണ് ദാവൂദ് ഇബ്രാഹിമെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 250 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2022ൽ ദാവൂദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചു. പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും സഹായത്തോടെ ഡി കമ്പനി ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും, സ്ലീപ്പർ സെല്ലുകൾക്കും ഇതുവഴി സഹായം നൽകുമെന്നും ഏജൻസിക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് 2022 ഫെബ്രുവരിയിൽ ദാവൂദിനെതിരെ എൻഐഎ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2023 ഡിസംബറിൽ ദാവൂദ് ഇബ്രാഹിന് അജ്ഞാതര്‍ വിഷം നല്‍കിയെന്നും ആരോഗ്യ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് മിയാൻദാദിനെ പാക്ക് സർക്കാർ വീട്ടുതടങ്കലിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യൻ അന്വേഷണ ഏജൻസികൾ ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് തെളിവുകൾ സഹിതം കണ്ടെത്തിയിട്ടും പാക് അധികൃതർ ഈ വാദങ്ങളെല്ലാം നിരന്തരം തള്ളുകയാണ് ചെയ്തിട്ടുള്ളത്. ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നും രണ്ടാമതും വിവാഹം കഴിച്ചെന്നും സഹോദരി ഹസീന പാര്‍ക്കറിൻ്റെ മകന്‍ അലിഷാ പാര്‍ക്കര്‍ 2023ൽ എഎന്‍ഐക്ക് വിവരം കൈമാറിയിരുന്നു.