ഫിഫ വേൾഡ് കപ്പ്; യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ദേശീയ ടീം സൗദിയില്‍

0
254

ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ദേശീയ ടീം സൗദിയില്‍. ഫിഫ വേൾഡ് കപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് 2027 പ്രിലിമിനറി ജോയിൻ്റ് ക്വാളിഫിക്കേഷൻ എന്നിവയുടെ രണ്ടാം റൗണ്ടിൽ വ്യാഴാഴ്ച അബഹയില്‍ വെച്ച് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമാണ്. സൗദിയിലെ എല്ലാ ഇന്ത്യക്കാരും പിന്തുണയ്ക്കണമെന്ന് ഇന്ത്യന്‍ ടീമിലെ മലയാളി താരം സഹല്‍ അബ്ദുസമദ് അഭ്യര്‍ഥിച്ചു.

അബഹയിലെ ദമക് സ്റ്റേഡിയത്തില്‍ രാത്രി 10 മണിക്ക് മത്സരം ആരംഭിക്കും. കഴിഞ്ഞ ദിവസം അബഹയില്‍ എത്തിയ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു. കോച്ച് അന്‍റോണിയോ സ്റ്റിമാക്, മാനേജര്‍ വേലു, ക്യാപ്റ്റന്‍ സുനില്‍ ഛേത്രി എന്നിവരുടെ നേതൃത്വത്തില്‍ 23 താരങ്ങളാണ് സൗദിയില്‍ എത്തിയിരിക്കുന്നത്. മോഹന്‍ ബഗാന്‍ താരം സഹല്‍ അബ്ദുസമദ് ആണ് ടീമിലെ മലയാളി സാന്നിധ്യം. മത്സരത്തിലെ പ്രതീക്ഷ ട്വെന്‍റിഫോറുമായി പങ്കുവെച്ച സഹല്‍ എല്ലാവരും സപ്പോര്‍ട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു.

മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കളി കാണാനുള്ള ആവേശത്തിലാണ് മേഖലയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍.അഫ്ഗാനിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന മത്സരം സാങ്കേതിക കാരണങ്ങളാല്‍ സൗദിയിലേക്ക് മാറ്റുകയായിരുന്നു. ഗ്രൂപ്പില്‍ നേരത്തെ ഖത്തറുമായി പരാജയപ്പെട്ട ഇന്ത്യ കുവൈറ്റുമായുള്ള മത്സരത്തില്‍ വിജയിച്ചിരുന്നു.