മലയാളിയായ മനോജ് ചാക്കോ നേതൃത്വം നൽകുന്ന ഫ്ലൈ 91 വിമാനക്കമ്പനിക്ക് വാണിജ്യസേവനം നടത്താൻ അനുമതി

0
125

മലയാളിയായ മനോജ് ചാക്കോ നേതൃത്വം നൽകുന്ന ഫ്ലൈ 91 വിമാനക്കമ്പനിക്ക് ഡിജിസിഎ എയർ ഓപ്പറേറ്ററുടെ സർട്ടിഫിക്കറ്റ്. ഇതോടെ വാണിജ്യസേവനം നടത്താൻ എയർലൈന് അനുമതി ലഭിച്ചു. മാർച്ച് രണ്ടിന് ഗോവ-ബെംഗളൂരു സർവീസ് വിജയകരമായി പൂർത്തിയാക്കിയതോടെയാണ് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് കമ്പനി വ്യക്തമാക്കി.

ഗോവ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന കമ്പനി 70 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന എടിആർ വിമാനങ്ങൾ പാട്ടത്തിനെടുത്താകും സർവീസ് നടത്തുക. ദുബായ് എയറോസ്പെയ്‌സ് എന്റർപ്രൈസസിൽനിന്ന് രണ്ടുവിമാനങ്ങൾ പാട്ടത്തിനെടുത്തിട്ടുണ്ട്. ഇതിലൊന്ന് ഇന്ത്യയിലെത്തി. പരീക്ഷണപ്പറക്കൽ ഈ വിമാനത്തിലായിരുന്നു. വാണിജ്യസേവനം ഉടൻ തുടങ്ങാനാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

തൃശൂർ സ്വദേശിയായ മനോജ് ചാക്കോ വിജയ് മല്യയുടെ പ്രവർത്തനം നിർത്തിപ്പോയ കിങ് ഫിഷർ എയർലൈൻസിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു. ഫെയർഫാക്സിന്റെ ഇന്ത്യാ വിഭാഗം മുൻ മേധാവിയായിരുന്ന ഹർഷ രാഘവനുമായി ചേർന്ന് മനോജ് ചാക്കോ സ്ഥാപിച്ച ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ഫ്ലൈ 91 പ്രവർത്തിക്കുക.

ഇന്ത്യയിലുടനീളമുള്ള ടയർ 2, ടയർ 3 പട്ടണങ്ങളിൽ നിന്ന് എയർ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പ്രാദേശിക കാരിയറാണ് FLY91. ഓരോ ഇന്ത്യക്കാരനും വിമാന യാത്ര പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ പ്രാദേശിക പട്ടണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. “+91” എന്ന കോഡ് തടസ്സമില്ലാത്ത ആശയവിനിമയത്തിലൂടെ ഇന്ത്യയെ ഏകീകരിക്കുന്നതുപോലെ, ഒരു വലിയ സമൂഹവുമായി ബന്ധപ്പെടാനും അവരുടെ സ്വപ്നങ്ങളെ പിന്തുടരാനും ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കാൻ FLY91 സഹായകമാകുമെന്ന് കമ്പനി വിശ്വസിക്കുന്നു.