തിരുവനന്തപുരം: ശക്തമായ തിരതളളലിനെ തുടർന്ന് തിരുവനന്തപുരം വലിയതുറയിലെ കടൽപ്പാലം രണ്ടായി വേർപെട്ടു, ഒരു ഭാഗം പൂർണമായും ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. 2017ലെ ഓഖി ചുഴലിക്കാറ്റിലും 2021ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. 1959ല്‍ പുനര്‍നിര്‍മ്മിച്ച ‘രാജ തുറെ കടല്‍പ്പാലം’ എന്ന വലിയതുറ കടല്‍പ്പാലമാണ് തകർന്നത്.
1825 ലായിരുന്നു ഇവിടെ ആദ്യത്തെ ഉരുക്കുപാലം നിർമിച്ചത്. എന്നാലിത് 1947ൽ എംവി പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകർന്നിരുന്നു. ഈ അപകടത്തിൽ നിരവധി പേർ മരിച്ചിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുണ്ടായി. ഇതോടെയാണ് ഇപ്പോഴത്തെ പാലം നിർമിച്ചത്.