നിസ്സാരക്കാരനല്ല ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫി; ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ കാപ്പിയായി ഫിൽട്ടർ കോഫി

0
146

ലോകത്തിലെ മികച്ച കോഫികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫിക്ക്. പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത് ക്യൂബന്‍ എസ്പ്രസ്സോ കോഫിയാണ്. ഫുഡ് ട്രാവല്‍ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്ലസ് പുറത്തിറക്കിയ പട്ടികയിലാണ് ഫില്‍ട്ടര്‍ കോഫി മുൻനിരയിൽ ഇടം നേടിയത്.

വളരെ ലളിതമായ കോഫി ഫില്‍ട്ടര്‍ മെഷീന്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫി തയ്യാറാക്കുന്നത്. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച രണ്ട് അറയുള്ള ഈ ഫില്‍ട്ടറിലാണ് കോഫിയ്ക്കായുള്ള മിശ്രിതം തയ്യാറാക്കുന്നത്. ഫില്‍ട്ടറിലെ ആദ്യത്തെ സുഷിരങ്ങളുള്ള അറയില്‍ കാപ്പിപ്പൊടി ഇഷ്ടാനുസരണം ചേര്‍ക്കും. ശേഷം തിളച്ച വെള്ളം അതിലേക്ക് അല്‍പ്പം ഒഴിക്കുക. ശേഷം ഫില്‍ട്ടര്‍ അടച്ചുവെയ്ക്കുക. ഇതില്‍നിന്നും ഊറിവരുന്ന മിശ്രിതം ഏറ്റവും താഴത്തെ അറയില്‍ ശേഖരിക്കപ്പെടും. ഈ മിശ്രിതം ചേര്‍ത്താണ് ഫില്‍ട്ടര്‍ കോഫി ഉണ്ടാക്കുന്നത്.

ഡാര്‍ക്ക് റോസ്റ്റ് കോഫിയും പഞ്ചസാരയും ആണ് ക്യൂബന്‍ എസ്പ്രസ്സോ കോഫിയുടെ പ്രധാന ചേരുവ. കാപ്പി ഉണ്ടാക്കുന്ന സമയത്ത് പഞ്ചസാര കൂടി ചേര്‍ക്കുന്നു. ഒന്നുകില്‍ സ്റ്റൗടോപ് എസ്പ്രസ്സോ മേക്കറിലോ അല്ലെങ്കില്‍ ഇലക്ട്രിക് എസ്പ്രസ്സോ മെഷീനിലോ ആണ് ഈ കാപ്പിയുണ്ടാക്കുന്നത്. ഇളം തവിട്ട് പതയോടെയുള്ള കാപ്പിയാണ് ക്യൂബന്‍ എസ്പ്രസ്സോ.