മലബാറിലെ പ്രശസ്തമായ മാപ്പിള തെയ്യം അടിസ്ഥാനമാക്കി മുതിർന്ന മാധ്യമപ്രവർത്തകൻ അഷറഫ് തൂണേരി സംവിധാനം ചെയ്ത ‘മുക്രി വിത്ത് ചാമുണ്ഡി; ദി സാഗ ഓഫ് ഹാർമണി ഇൻ തെയ്യം ആർട്ട്’ ഡോക്യുമെന്ററിയുടെ പ്രവാസ ലോകത്തെ ആദ്യ പ്രദർശനം പ്രേക്ഷക പ്രശംസയുടെ നിറവിൽ ദോഹയിൽ നടന്നു.
സമകാലിക ഇന്ത്യയിൽ സാംസ്‌കാരികമായ ഇടപെടലാണ് തന്റെ ഡോക്യുമെന്ററിയെന്നും. മുക്രി വിത്ത് ചാമുണ്ഡിക്ക് ലഭിച്ച സ്വീകാര്യത കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകുന്നു വെന്നും സംവിധായകൻ അഷറഫ് തൂണേരി പറഞ്ഞു.
വടക്കേ മലബാറിലെ മാപ്പിള തെയ്യം പ്രമേയമാക്കി പുറത്തിറങ്ങിയ ആദ്യ ഇംഗ്ലീഷ് ഡോക്യുമെന്ററിയാണിത്. 2023 നവംബറിൽ തിരുവനന്തപുരത്ത് നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്തകമേളയിൽ സ്പീക്കർ എ.എൻ. ഷംസീർ, ശശി തരൂർ എം.പി എന്നിവർ പ്രകാശനം ചെയ്ത ഡോക്യുമെന്ററി കേരളത്തിലെ സർവകലാശാലകളിലും കോളജുകളിലും പൊതുപരിപാടികളിലും പ്രത്യേക പ്രദർശനം നടത്തിയിരുന്നു.
ഖത്തർ പ്രവാസികളായ ഡോ. അബ്ദുസ്സമ്മദ്, ജെ കെ മേനോൻ, സംവിധായകൻ അഷറഫ് തൂണേരി എന്നിവർ ചേർന്നാണ് ഡോക്യുമെന്ററി നിർമ്മിച്ചത്.
ദൽഹി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ അബ്ദുല്ല അബ്ദുൽ ഹമീദ്, മാധ്യമ പ്രവർത്തകൻ മുജീബുർറഹ്‌മാൻ കരിയാടൻ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയത്. എ കെ മനോജും സോനു ദാമോദറും ക്യാമറയും അനീസ് സ്വാഗതമാട് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഡോക്യുമെന്ററി ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാങ്കേതിക മികവോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.