Wednesday
17 December 2025
31.8 C
Kerala
HomePoliticsകേരളത്തിലെ ഒരു വീടും വിശക്കാൻ പാടില്ലെന്ന പ്രഖ്യാപനത്തിൽ ഒരു മികച്ച ഭരണാധിപന്റെ കരുതലുണ്ടായിരുന്നു : മധുസൂദനൻ...

കേരളത്തിലെ ഒരു വീടും വിശക്കാൻ പാടില്ലെന്ന പ്രഖ്യാപനത്തിൽ ഒരു മികച്ച ഭരണാധിപന്റെ കരുതലുണ്ടായിരുന്നു : മധുസൂദനൻ നായർ

ദുരിതമനുഭവിക്കുന്നവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവർക്കു മാത്രമേ നല്ല ഭരണാധികാരികളാകാൻ കഴിയൂവെന്ന്‌ കവി പ്രൊഫ. വി മധുസൂദനൻ നായർ പറഞ്ഞു. ഇല്ലായ്മകളെ തോൽപ്പിച്ച് വളർന്നു വന്ന അത്തരക്കാർ എല്ലാ കാലത്തും സഹജീവികൾക്ക് കരുതലായിരിക്കും. വെള്ളറടയിൽ സി കെ ഹരീന്ദ്രൻ സൗഹൃദകൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവർക്കു വേണ്ടി എപ്പോഴും ഉണർന്നിരിക്കുന്ന ജനകീയ മുഖ്യമന്ത്രിയുടെ നാടാണ് കേരളം. അടുത്ത കാലത്ത് തന്റെ കണ്ണുനിറഞ്ഞ ഒരു അനുഭവമുണ്ട്.കോവിഡ് വ്യാപനം തുടങ്ങിയപ്പോൾ എല്ലാവർക്കും ആശ്വാസമേകി മുഖ്യമന്ത്രി നിത്യവും സംവദിച്ചു. കേരളത്തിലെ ഒരു വീടും വിശക്കാൻ പാടില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിൽ ഒരു മികച്ച ഭരണാധിപന്റെ കരുതലുണ്ടായിരുന്നു.

ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ ഏവരെയും ചേർത്തു പിടിച്ചുകൊണ്ട് ഒരു വീടും കരയരുതെന്നും ഒരു വീട്ടടുപ്പും എരിയാതിരിക്കരുതെന്നും ഒരു വീട്ടിലും വിശപ്പു കേറരുതെന്നുമുള്ള അദ്ദേഹത്തിന്റെ ആശ്വാസ വാക്കുകൾ തന്റെ കണ്ണുനനയിച്ചു. ഇതിൽ സാമുഹ്യ പ്രതിബദ്ധതയുടെ രാഷ്ട്രീയമുണ്ട്. അത് എല്ലാവർക്കും ഉണ്ടാകണമെന്നില്ല.

നാഞ്ചിനാട്ടിൽ വിളവ് ഇല്ലാതായപ്പോൾ ജനങ്ങൾ പട്ടിണിയിലാണ്ടു പോകുമോയെന്ന് ചിന്തിച്ച് നെഞ്ചുവേദനിച്ച ഒരു ഭരണാധികാരി പണ്ട് തിരുവിതാംകൂറിലുണ്ടായിരുന്നു. ഇവിടെ പ്രതിസന്ധി ഘട്ടത്തിൽ ജനം പട്ടിണികിടക്കുമോയെന്നു ചിന്തിച്ച്‌ അതിനു പരിഹാരമുണ്ടാക്കിയ ഒരു മുഖ്യമന്ത്രി നമുക്കുണ്ടായി എന്നതാണ്‌ മലയാളികളുടെ പുണ്യം. ജനങ്ങളെ സഹായിക്കാനുള്ള നല്ല ഹൃദയമുള്ളവർക്കേ എല്ലാ കാലത്തും ജനകീയമായി ഇടപെടാൻ കഴിയൂ.

അതാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ളവരാണ് ഈ നാടിനെ നയിക്കേണ്ടത്‌. അല്ലാത്തവരാരും നമുക്കു വേണ്ടാ. മധുസൂദനൻ നായർ പറഞ്ഞു. കവി മുരുകൻ കാട്ടാക്കട അധ്യക്ഷനായി.

 

RELATED ARTICLES

Most Popular

Recent Comments