‘താൻ വിവാഹിതയായി, വരന്‍ ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത്‌’ ; രഹസ്യം വെളിപ്പെടുത്തി ലെന

കഴിഞ്ഞ ജനുവരി 17 നായിരുന്നു ലെനയും പ്രശാന്തും വിവാഹിതരായത്. ഇത് തീർത്തും അറേഞ്ച്ഡ് മാര്യേജ് ആണെന്നും ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കിയിട്ടുണ്ട്.

0
430

മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ലെന. താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഏവരേയും അമ്പരപ്പിച്ചുകൊണ്ടാണ് മലയാളത്തിന്റെ സൂപ്പർ താരം തന്റെ വിവാ​ഹ രഹസ്യം വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ വിവാഹിതയായെന്ന കാര്യം ലെന വെളിപ്പെടുത്തിയിരിക്കുന്നത്. ലെനയെപ്പോലെ തന്നെ താരത്തിന്റെ വരനും പ്രശ്‌സ്തനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശ യാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ ആണ് ലെനയുടെ ഭർത്താവ്. കഴിഞ്ഞ ജനുവരി 17 നായിരുന്നു ലെനയും പ്രശാന്തും വിവാഹിതരായത്. ഇത് തീർത്തും അറേഞ്ച്ഡ് മാര്യേജ് ആണെന്നും ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ പ്രഖ്യാപിച്ചത്. ഈ വാര്‍ത്ത പുറത്തു വിടാനായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നാണ് ലെന പറയുന്നത്. അതേസമയം, വിവാഹക്കാര്യം രഹസ്യമാക്കി വച്ചത് എന്തിനാണെന്ന് ലെന ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരുപാട് നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്റെ ഭര്‍ത്താവ് എൻഫോഴ്‌സസിലുള്ള വ്യക്തിയാണ്. ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെക്കുന്ന ഒരാളെ വിവാഹം കഴിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹം വളരെ കോണ്‍ഫിഡന്‍ഷ്യലായിട്ടുള്ള നാഷണല്‍ പ്രോഗ്രാമിന്റെ ഭാഗം ആയതുകൊണ്ടാണ് തനിക്ക് ഇതുവരെ ഈ വിവരം പുറത്ത് പറയാന്‍ കഴിയാതെ പോയതെന്നാണ് ലെന പറയുന്നത്. വിവാഹ വാർത്ത പുറത്ത് വന്നതോട് കൂടി നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രം​ഗത്ത് വന്നത്.

അതേസമയം, രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാന് വേണ്ടിയിലുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. തീർത്തും കേരളത്തിന് ഒരു അഭിമാന നിമിഷം കൂടിയായിരുന്നു അത്. മലയാളിയായ ബഹിരാകാശ യാത്രികനുൾപ്പെടെ നാലുപേരാണ് ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്‍ണൻ, അംഗദ് പ്രതാപ്, ശുഭാൻശു ശുക്ല എന്നിവരെയാണ് തെരഞ്ഞെടുത്തത്. നാല് പേ‌ർക്കും പ്രധാനമന്ത്രി വേദിയില്‍ വെച്ച് ആസ്ട്രനോട്ട് ബാഡ്‍ജുകളും സമ്മാനിച്ചു. വ്യോമസേനയിലെ പൈലറ്റുമാരാണ് നാലു പേരും.

പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത്. ഇന്ത്യന്‍ പ്രതിരോധ സേനയില്‍ വിങ് കമന്ററായി ജോലി ചെയ്യുകയാണ് അദ്ദേഹം. 2025ല്‍ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശത്ത് എത്തി മൂന്നു ദിവസത്തിനു ശേഷം തിരികെ ഭൂമിയില്‍ എത്തുന്നതാണ് ഗഗന്‍യാന്‍ ദൗത്യം. ദൗത്യ സംഘത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്ണന്‍. ലെനയും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം ,ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെനയുടെ അരങ്ങേറ്റം. അഭിനയത്തിന് പുറമെ മനഃശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

ലെനയുടെ രണ്ടാം വിവാഹമാണിത്. അഭിലാഷ് കുമാർ എന്നാണ് ലെനയുടെ ആദ്യ ഭർത്താവിന്റെ പേര്. 2004 ൽ വിവാഹിതരായ ഇരുവരും 2013 ൽ വേർപിരിഞ്ഞു. പരസ്പര ധാരണയോടെ വേർപിരിയുകയായിരുന്നുവെന്നും ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നുവെന്നും മുൻപ് ഒരു അഭിമുഖത്തിൽ ലെന പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ ഇനിയൊരു വിവാഹത്തിന് സാധ്യതയില്ലെന്നാണ് ലെന പറഞ്ഞിരുന്നത്. അങ്ങനെ തോന്നിയാൽ ഉടനെ തീരുമാനമെടുക്കും. പെട്ടെന്ന് തീരുമാനിക്കുന്ന സ്വഭാവമാണ് തന്റേത്. എന്നാൽ ഇതുവരെയും അതുപോലൊരു തോന്നലിലേക്ക് താനെത്തിയിട്ടില്ലെന്നും. അങ്ങനെ പറഞ്ഞിരുന്ന ലെനയാണ് ഇപ്പോൾ ഏവരേയും അമ്പരപ്പെടുത്തിക്കൊണ്ട് തന്റെ വിവാഹ വാർത്ത പുറത്ത് വിട്ടത്.