ദില്ലി ചലോ സമരം കൂടുതൽ കടുപ്പിച്ച് കർഷകർ; കര്‍ഷകരെ നേരിടാന്‍ ദില്ലി- ഹരിയാന ദേശീയ പാതകള്‍ അടച്ചു, പ്രതിരോധ സംവിധാനം ശക്തം

ശംഭു ബോര്‍ഡില്‍ ഇന്നും കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗം നടത്തി. ദില്ലി മാര്‍ച്ചില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

0
161

ദില്ലി: ദില്ലി ചലോ സമരം കൂടുതൽ കടുപ്പിച്ച് കർഷകർ. പഞ്ചാബ് ഹരിയാന അതിർത്തിയിൽ സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം കടുപ്പിച്ചു. കൂടുതൽ കർഷകരെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോ മീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു. എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന ഉറച്ച നിലപാടിലാണ് കർഷകർ. കർഷകരെ നേരിടാൻ ഹരിയാന പൊലീസ് വിന്യാസം ശക്തമാക്കി.

അതേസമയം, കര്‍ഷകരെ നേരിടാന്‍ ദില്ലി- ഹരിയാന ദേശീയ പാതകള്‍ അടച്ചതോടെ ജനജീവിതം പൂര്‍ണമായും വലച്ചു. വഴിതിരിച്ച് വിട്ടും മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്കിനും ശേഷമാണ് ആളുകള്‍ കടന്നുപോകുന്നത്. രാത്രിയായതോടെ അടിയന്തര ആശുപത്രി ആവശ്യങ്ങള്‍ക്ക് പോകുന്നവരെയും പൊലീസ് നടപടി ദുഷ്‌കരമാക്കി.

ദേശീയ പാത 44 1 കിലോമീറ്റര്‍ നീളത്തില്‍ അടച്ച ശേഷം വഴിതിരിച്ചുവിടുകയാണ്. ഇതോടെ മണിക്കൂറോളം ഗതാഗതകുരുക്കിന് ശേഷമാണ് ജനങ്ങള്‍ക്ക് ദില്ലിയിലേക്കും തിരിച്ചും പോകാനാകുക. കര്‍ഷക സമരത്തെത്തുടര്‍ന്ന് ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. 15വരെയാണ് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കുന്നത്.

അതേസമയം ശംഭു ബോര്‍ഡില്‍ ഇന്നും കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗം നടത്തി. ദില്ലി മാര്‍ച്ചില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ശംഭുവില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് നടപടിയെ വിമര്‍ശിച്ച കര്‍ഷക സംഘടന നേതാക്കള്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. പൊലീസുകാര്‍ സമരക്കാര്‍ക്കെതിരെ കൈക്കൊണ്ട നടപടി ചരിത്രത്തിലെ കറുത്ത ദിനമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി നേതാവ് സര്‍വണ്‍ സിങ് പന്ഥേര്‍ പറഞ്ഞു.