ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചു, ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക നല്‍കും, ഒന്നും ഒളിച്ചുവെക്കേണ്ട കാര്യം സര്‍ക്കാരിനില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ ചേർത്ത് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദമാക്കി

0
135

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ. പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ ചേർത്ത് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദമാക്കി. മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ ഉറപ്പായും എത്തിക്കുമെന്നും അതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക നല്‍കുമെന്നും സംസ്ഥാന സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രകടനപത്രികയിൽ പറഞ്ഞ ഒന്നിൽനിന്നും മാറുന്നില്ല. മൂന്ന് മാസം കുടിശ്ശികയുണ്ട് സമ്മതിക്കുന്നുവെന്നും ഉള്ളത് പറയാൻ ഒരു മടിയുമില്ലെന്ന് പറഞ്ഞ ധനമന്ത്രി നിലവിൽ കൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും കുടിശിക കൊടുക്കുക എന്നതിനാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും വിശദീകരിച്ചു.

യുഡിഎഫ് നല്‍കിയതിനേക്കാള്‍ കൂടുതല്‍ പണം പെന്‍ഷനായിട്ട് എല്‍ഡിഎഫ് നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു. ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.