കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കമന്റിട്ട സംഭവത്തില്‍ കോഴിക്കോട് എൻഐടി അധ്യാപിക ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് പൊലിസിനെ അറിയിച്ചു. മൂന്ന് ദിവസത്തേക്കാണ് സമയം ചോദിച്ചിരിക്കുന്നത്. ഗോഡ്സെ പ്രകീർത്തന പരാമർശത്തിൽ വിശദമായ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനായിരുന്നു പൊലീസ് നോട്ടീസ് നൽകിയത്.
അതേസമയം, ഗോഡ്സെയെ പ്രകീർത്തിച്ച് കമൻ്റ് ഇട്ടത് താൻ തന്നെയെന്ന് ഷൈജ ആണ്ടവൻ മൊഴി നൽകിയിരുന്നു. മനപൂർവ്വം ആരെയും അവഹേളിക്കാനല്ല കമൻ്റിട്ടത് എന്നും കാലിക്കറ്റ് എൻഐടി പ്രൊഫസർ കുന്ദമംഗലം പൊലീസിനു മൊഴിനൽകി. ഷൈജ ആണ്ടവൻ്റെ വീട്ടിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാവണമെന്ന് പൊലീസ് ഷൈജ ആണ്ടവനോട് ആവശ്യപ്പെട്ടിരുന്നു.
ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30 ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ’ വെന്നായിരുന്നു കമന്റ്. ‘ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.