പി സി ജോർജ് ബിജെപിയിലേക്ക്; കേന്ദ്രനേതൃത്വവുമായി ഇന്ന് ദില്ലിയിൽ ചർച്ച നടത്തും

മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബി ജെ പിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല

0
242

തിരുവനന്തപുരം: ജനപക്ഷം നേതാവ് പി സി ജോർജ് ബി ജെ പിയിലേക്ക്. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഇന്ന് പി സി ദില്ലിക്ക് തിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പി സി ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാടിലാണ് ബി ജെ പി. അതേ സമയം, മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബി ജെ പിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ജോർജ് വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞടുപ്പിൽ പത്തനംതിട്ടയില്‍ പിസി ജോർജ് സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വാശികളൊന്നുമില്ലെന്നാണ് പിസി ജോർജ് പറയുന്നത്. സ്ഥാനാര്‍ഥിയാകണമെന്ന നിര്‍ബന്ധമില്ല. പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ പത്തനംതിട്ടയില്‍ നില്‍ക്കാനാണ് നിര്‍ദേശമെങ്കില്‍ നില്‍ക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ നൽകുന്നതിൻ്റെ ഭാഗമായാണ് താൻ ബിജെപിയിൽ ചേരുന്നതെന്നും പിസി ജോർജ് പറഞ്ഞു. ‘ഇന്ത്യയില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ഒരു പ്രധാനമന്ത്രി ഉണ്ടായത് ഇപ്പോഴാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റു മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നു വ്യക്തമാകും. അദ്ദേഹത്തിന് പിന്തുണ നല്‍കുന്നതാണ് ശരിയെന്നാണ് ജനപക്ഷത്ത് എല്ലാവരുടെയും അഭിപ്രായം´- പിസി ജോർജ് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റൊന്നും ഒരു പ്രശ്നമല്ലെന്നും പത്തനംതിട്ടയിൽ നിന്ന് മത്സരിക്കണമെന്ന് തനിക്ക് യാതൊരു നിർബന്ധവുമില്ലെന്നും പിസി ജോർജ് പറഞ്ഞു.

അതേസമയം പിസി ജോർജ് പത്തനംതിട്ടയിൽ മത്സരിച്ചാൽ തിരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റംവരുമെന്ന പ്രതീക്ഷയിലാണ് പിസി ജോർജ് അനുകൂലികൾ. മാത്രമല്ല മുൻപ് പിസി ജോർജ് ഏറ്റവും കൂടുതൽ പ്രതീക്ഷ വച്ച മണ്ഡലം കൂടിയാണ് പത്തനംതിട്ട. ഹിന്ദു- ക്രെെസ്തവ വിശ്വാസികൾ ഇടകലർന്നു ജീവിക്കുന്ന ഇടമാണ് പത്തനംതിട്ട മണ്ഡലം.

പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ടയിൽ വ്യക്തിപരമായി ജോർജിന് സ്വാധീനമുണ്ടെന്നുള്ളതും വിജയസാധ്യതയിലേക്കുള്ള മാർഗ്ഗമായി അദ്ദേഹം കരുതുന്നുണ്ട്. ക്രൈസ്തവ സഭയുമായുള്ള അടുപ്പത്തിനൊപ്പം ബിജെപി പിന്തുണ കൂടി ഉറപ്പാക്കിയാൽ ശക്തമായ ത്രികോണമത്സരം കാഴ്ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷയും. ത്രികോണ മത്സരത്തിൽ വ്യക്തിപ്രഭാവം കൊണ്ടുതന്നെ വിജയിച്ചു കയറാനാകുമെന്ന പ്രതീക്ഷയും പിസി ജോർജ് വച്ചു പുലർത്തുന്നുണ്ട്.