ചീറ്റുന്ന നുണബോംബുകൾ – ദേശാഭിമാനി മുഖപ്രസംഗം

0
119

നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ഇനി നാലു ദിവസം മാത്രമാണ് പൊതു പ്രചാരണത്തിന്‌ ഉള്ളത്. സ്വാഭാവികമായും പ്രചാരണത്തിൽ വീറുംവാശിയും കൂടുന്നു.

സ്ഥാനാർഥികൾ പ്രചാരണ പരിപാടികളുടെ വേഗംകൂട്ടി കൂടുതൽ പേരിൽ എത്താനുള്ള തീവ്രശ്രമത്തിലാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം ഉറച്ച സാധ്യതയായി മാറിക്കഴിഞ്ഞു. അത് പ്രതിപക്ഷത്തിനും തോന്നിത്തുടങ്ങി. അവരുടെ പ്രതികരണങ്ങളിലെ അങ്കലാപ്പിലും നിലവാരത്തകർച്ചയിലും ഇത് നന്നായി പ്രകടമാകുന്നു.

മൂന്ന് പ്രതിപക്ഷത്തെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിൽ നേരിടുന്നത്. ഒരു വശത്ത് നിയമസഭയിലെ പ്രതിപക്ഷമായ യുഡിഎഫ്. ഒപ്പം സഭയിലെ ഏകാംഗ പ്രാതിനിധ്യമാണെങ്കിലും യുഡിഎഫിനൊപ്പം ചേർന്ന ബിജെപി. ഈ രണ്ടു കൂട്ടരും സ്വാഭാവിക പ്രതിപക്ഷമാണ്.

കേന്ദ്ര സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസികളാണ് മൂന്നാം പ്രതിപക്ഷം. സർക്കാർ അന്വേഷണ സംവിധാനങ്ങളുടെ എല്ലാ പരിവേഷവും ഉപേക്ഷിച്ച് കേരളത്തിൽ ഒരു രാഷ്ട്രീയ പ്രതിപക്ഷമായി അവർ നീങ്ങുന്നു.

ഇവരുടെ ആലകളിൽ തയ്യാറാക്കുന്ന നുണബോംബുകളും അപവാദ നിർമിതികളും ഈ മൂന്നു കൂട്ടരും പങ്കിടുന്നു. പരസ്പരം അറിയാതെപോലും നോവിക്കാതിരിക്കാൻ ജാഗ്രത പുലർത്തുന്നു. രാഹുൽ ഗാന്ധിയായാലും പ്രിയങ്ക ഗാന്ധിയായാലും കേരളത്തിൽ വന്ന്‌ എൽഡിഎഫിനെ മാത്രം വിമർശിക്കുന്നു.

നരേന്ദ്ര മോഡിയും അമിത് ഷായും സിപിഐ എമ്മിനെതിരെ മാത്രം ഗോഗ്വാ മുഴക്കുന്നു. രാജ്യത്താകെ കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ഇടപെടലിനെ വിമർശിക്കുന്ന കോൺഗ്രസിന്റെ നേതാക്കൾ ഇവിടെ അവരുടെ വഴിവിട്ട നീക്കങ്ങൾക്ക് ചൂട്ട് തെളിക്കുന്നു.

ഈ സഖ്യകാഴ്ചയാണ് നുണയുടെയും അപവാദത്തിന്റെയും കാര്യത്തിലും കാണുന്നത്. കേന്ദ്ര ഏജൻസികൾ കസ്റ്റഡിയിലെ പ്രതികളുടേതെന്ന പേരിൽ അസംബന്ധവും അസത്യവും ചാലിച്ച് തയ്യാറാക്കുന്ന നുണപത്രികകൾ മാധ്യമങ്ങളും പിന്നാലെ പ്രതിപക്ഷവും ഏറ്റുപിടിക്കുന്നു. പക്ഷേ, ഈ നിയമവിരുദ്ധ നീക്കത്തിന്‌ നിയമപരമായി തടയിടാൻ എൽഡിഎഫ് സർക്കാർ നീങ്ങിയതോടെ ആ വാറോലകൾ നിയമക്കുരുക്കിലായി.

സ്വന്തം നിലയ്ക്കും വ്യാജനിർമിതികൾ പ്രതിപക്ഷം കൊണ്ടുവന്നു. കടലാകെ കൊള്ളയടിക്കാൻ സർക്കാർ ഒത്താശയോടെ ആരോ വരുന്നുവെന്ന കഥയായിരുന്നു ഒന്ന്. ഒരു ഉദ്യോഗസ്ഥൻ ദുരുദ്ദേശ്യത്തോടെ ഒപ്പുവച്ച ധാരണപത്രമായിരുന്നു ആയുധം.

എന്നാൽ, ആ വിവാദത്തിൽ അവർ സർക്കാരിനൊപ്പം പ്രതിസ്ഥാനത്തു നിർത്തിയ കമ്പനിയുടമ ഒടുവിൽ അവരുടെ ഒത്താശയോടെ സ്ഥാനാർഥിയായി. മാത്രമല്ല, കപ്പൽ പോയിട്ട് ഒരു കൊതുമ്പുവള്ളംപോലും ഉണ്ടാക്കാനുള്ള ആസ്തി ഈ ‘മുതലാളി’ക്ക് ഇല്ലെന്നും തെളിഞ്ഞു. ആ ബോംബ് അങ്ങനെ കടപ്പുറത്ത് നനഞ്ഞു ചീറ്റിക്കിടക്കുന്നു.

സിപിഐ എം വ്യാപകമായി കള്ള വോട്ടുകൾ ചേർക്കുന്നുവെന്ന് പതിവ് ആരോപണമായിരുന്നു മറ്റൊന്ന്. വോട്ടർ പട്ടികയിൽ കടന്നുകൂടിയ ചില ഇരട്ട വോട്ടുകൾ ഈ നീക്കത്തിന് കുറച്ചൊക്കെ തുണയായി. എന്നാൽ, ബോധപൂർവം ഇരട്ട വോട്ട് ചേർത്തവരുടെ പേരുകൾ ഇതിനിടെ വെളിപ്പെട്ടു.

മൂന്ന്‌ യുഡിഎഫ് സ്ഥാനാർഥികളുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയുടെയുമടക്കം ഇരട്ട വോട്ടുകൾ ഇങ്ങനെ കണ്ടെത്തി. ഒപ്പം ഒട്ടേറെ യുഡിഎഫ് നേതാക്കളുടെ ഇരട്ട വോട്ടുകളും. അതോടെ ആ ആരോപണത്തിന്റെയും കാറ്റുപോയി.

കൈപൊള്ളിയ മറ്റൊന്നായിരുന്നു ‘കിറ്റ് വിവാദം’. ഒരു കൊറോണക്കാലം മുഴുവൻ ഒരു ജനതയ്ക്ക് പട്ടിണിയില്ലാതെ കഴിയാൻ സഹായമായ അന്നം മുടക്കാനുള്ള ആ കൈവിട്ട കളി ഹൈക്കോടതി തന്നെ നിർത്തിച്ചു. ചുരുക്കത്തിൽ ഇപ്പോൾ ഒന്നുമില്ല.

അതുകൊണ്ടുതന്നെ ഈ അവസാന ദിവസങ്ങളിൽ എന്തുംവരാം. ഇതുവരെ കടലാസ് ഭീഷണി മുഴക്കിയ ഏജൻസികൾ കൂടുതൽ റെയ്ഡിനോ മൊഴിയെടുപ്പിനോ പുറപ്പെടാം. കൂടുതൽ മസാലയുള്ള ‘മൊഴി’കൾ പുറത്തുവിടാം. അറസ്റ്റുപോലെ ചില ‘ആക്‌ഷൻ സീനു’കളും സജ്ജമാക്കിയേക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ ഇതാണ് കഴിഞ്ഞദിവസം നൽകിയ മുന്നറിയിപ്പ്. ഒപ്പം അദ്ദേഹം പറഞ്ഞ ഒരു വാചകം ശ്രദ്ധേയമാണ്. “ഏത്‌ ബോംബ്‌ വന്നാലും നേരിടാൻ നാട്‌ തയ്യാറാണ്‌.’ എന്നായിരുന്നു അത്. അതെ, ഈ നാട് ഒന്നിച്ചാണ് ഇക്കൂട്ടർക്കെതിരെ അണിനിരക്കുന്നത്. 14 ജില്ലയിലും നടത്തിയ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽനിന്നു കിട്ടിയ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം ഇതുപറയുന്നത്.

ഏത് ബോംബ് വന്നാലും തകർക്കാൻ പറ്റാത്ത വിശ്വാസത്തോടെയാണ് ഈ നാട് എൽഡിഎഫ് സർക്കാരിനെ നെഞ്ചേറ്റുന്നത്. ക്ഷേമവും വികസനവും ഉറപ്പാക്കി നീങ്ങിയ ഒരു ഭരണം ജനങ്ങൾ കൺമുമ്പിൽ കണ്ടതാണ്. അവർ തീർക്കുന്ന രക്ഷാവലയത്തിൽ ഈ നാട് ഏതു നുണബോംബിൽനിന്നും സുരക്ഷിതമാണ്. ബോംബുണ്ടാക്കുന്നവരും എറിയുന്നവരും അതോർത്താൽ അവർക്ക് നന്ന്