റഷ്യയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 65 പേര്‍ മരിച്ചു. യുക്രൈന്‍ യുദ്ധത്തടവുകാരുമായി പോയ ഒരു റഷ്യന്‍ ഇല്യുഷിന്‍ Il-76 സൈനിക ഗതാഗത വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യുക്രൈന്‍ അതിര്‍ത്തിക്ക് സമീപം വെച്ചാണ് വിമാനം തകര്‍ന്നുവീണതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അപകടസമയത്ത് ആറ് ജീവനക്കാരും മൂന്ന് ഗാര്‍ഡുകളും ഉള്‍പ്പെടെ 74 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. തടവുകാരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള യാത്രക്കിടെയാണ് സംഭവം. അപകട കാരണത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഇതിനിടെ മൂന്ന് മിസൈലുകള്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ത്തതെന്ന് റഷ്യന്‍ പാര്‍ലമെന്റിലെ നിയമനിര്‍മ്മാതാവും റിട്ടയേര്‍ഡ് ജനറലുമായ ആന്ദ്രേ കാര്‍ത്തപോളോവ് പാര്‍ലമെന്റ് സമ്മേളനത്തിനിടെ പറഞ്ഞു. തനിക്ക് ലഭിച്ച വിവരങ്ങളുടെ ഉറവിടം എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
റഷ്യയും യുക്രൈനും പതിവായി യുദ്ധത്തടവുകാരെ മാറ്റുന്നുണ്ട്. അതിനാല്‍ കൊല്ലപ്പെട്ടവരെ സംബന്ധിച്ച് ആദ്യം വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതിനിടെ അപകട ദൃശ്യങ്ങള്‍ പുറത്തുവന്നു. ബെല്‍ഗൊറോഡ് മേഖലയിലെ യാബ്ലോനോവോവിന് സമീപം ഒരു വലിയ വിമാനം നിലത്തേക്ക് വീഴുന്നതും വലിയ അഗ്‌നിഗോളമായി പൊട്ടിത്തെറിക്കുന്നതും വീഡിയോയില്‍ കാണാം.
Baza ടെലിഗ്രാം മെസഞ്ചര്‍ ആപ്പില്‍ പോസ്റ്റ് ചെയ്തതാണ് ഈ വീഡിയോ. ഇതിന് പിന്നാലെ ബെല്‍ഗൊറോഡ് നഗരത്തിന്റെ വടക്കുകിഴക്കായി കൊറോചാന്‍സ്‌കി ജില്ലയില്‍ ഒരു അവ്യക്തമായ ‘സംഭവം’ നടന്നിട്ടുണ്ടെന്നും താന്‍ സ്ഥലം പരിശോധിക്കാന്‍ പോകുകയാണെന്നും പ്രാദേശിക ഗവര്‍ണര്‍ വ്യാചെസ്ലാവ് ഗ്ലാഡ്കോവ് പറഞ്ഞു. അടിയന്തര രക്ഷാ പ്രവര്‍ത്തകര്‍ ഇതിനകം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സൈനികര്‍, ചരക്ക്, സൈനിക ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു സൈനിക ഗതാഗത വിമാനമാണ് Il-76. ഇതിന് സാധാരണയായി അഞ്ച് ജീവനക്കാരുണ്ട്. കൂടാതെ 90 യാത്രക്കാരെ വരെ ഈ വിമാനത്തിന് വഹിക്കാനാകും. സ്ഥിതിഗതികള്‍ പരിശോധിച്ച് വരികയാണെന്ന് ക്രെംലിന്‍ അറിയിച്ചു.