കൊച്ചി: കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഒന്നര വർഷമായി ആസാമിൽ ഒളിവിൽ കഴിഞ്ഞയാളെ ആസാമിൽ നിന്ന് പിടികൂടി. അപ്പർ ആസാം ദിമാജി ജില്ലയിൽ കാലിഹമാരി ഗ്രാമത്തിൽ രാത്തുൾ സൈക്കിയയുടെ മകൻ പുസാൻഡോ എന്ന് വിളിക്കുന്ന മഹേശ്വൻ സൈക്കിയയെയാണ് കളമശ്ശേരി പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്നും ഇത്രയും ദൂരം സഞ്ചരിച്ച് പ്രതിയെ പിടികൂടാൻ കേരള പൊലീസ് കാണിച്ച പ്രതിബദ്ധതയ്ക്ക് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. കേരള പൊലീസിൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചതും.
2022 ൽ കളമശ്ശേരി ചേനക്കാല റോഡിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പ്രതി സമീപത്തു താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാൾ ആസാമിലേക്ക് കടന്നു. അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ഉൾഗ്രാമത്തിൽ ഉൾഫ ബോഡോ തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള ഒരു ബന്ധുവിൻ്റെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാൾ. ലോക്കൽ പൊലീസ് പോലും കടന്നുചെല്ലാൻ മടിക്കുന്ന ഉൾ ഗ്രാമത്തിൽ നിന്നാണ് കളമശ്ശേരി പൊലീസ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്.
മുൻപ് പ്രതിയെ അന്വേഷിച്ചുപോയ പലീസ് ടീമിന് ലോക്കൽ പൊലീസിന്റെ പിന്തുണ ലഭിക്കാത്തതിനാൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ മടങ്ങേണ്ടിവന്നിരുന്നു. പ്രതിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗങ്ങൾ ഈ മാസം ഒൻപതിനാണ് പ്രതിയെ തിരക്കി ആസാമിലേക്ക് തിരിച്ചത്. പ്രതികൂല കാലാവസ്ഥയും തണുപ്പും മൂലം ഏറെ വൈകിയാണ് പൊലീസ് സംഘത്തിന് പ്രതി ഒളിവിൽ കഴിയുന്ന സ്ഥലത്ത് എത്തിപ്പെടാൻ കഴിഞ്ഞത്.
പ്രതികൂല കാലാവസ്ഥമൂലവും ഭാഷാപ്രശ്നം കൊണ്ടും പ്രദേശത്തിന്റെ പ്രത്യേകതകൊണ്ടും അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ ദിബ്രുഗഡ് മിലിറ്ററി ഇൻ്റലിജെൻസിൻ്റെ സഹായത്താൽ ആസാമീസ് ഭാഷ അറിയാവുന്ന ദിബ്രുഗഡ് സ്വദേശിയായ ഡ്രൈവറേയും സ്വകാര്യ വാഹനവും തരപ്പെടുത്തിയത് അന്വേഷണത്തിന് ഏറെ ഗുണകരമായി. അറസ്റ്റ് വിവരമറിഞ്ഞ പ്രദേശവാസികൾ പിന്തുടർന്നതിനാൽ ഉടൻ തന്നെ പ്രതിയെ വാഹനത്തിൽ കയറ്റി എട്ടു കിലോമീറ്റർ ദൂരെയുള്ള ഗിലാമാര പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.
ദിമാജി ചീഫ് ജൂഡീഷ്യൽ മജിസ്ടേറ്റ് കോടതിയിൽ നിന്ന് ട്രാൻസിറ്റ് വാറണ്ട് വാങ്ങി പോലീസ് സംഘം പ്രതിയുമായി കേരളത്തിലേക്ക് മടങ്ങി. കളമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കളമശ്ശേരി കളമശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെകർ പ്രദീപ്കുമാർ ജി, സബ് ഇൻ സ്പെക്ടർമാരായ വിനോജ് എ, സുബൈർ വി എ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു. വി എസ്, ശ്രീജിത്ത്, സി പി ഒ മാരായ മാഹിൻ അബൂബക്കർ, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.