ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലടക്കം കേന്ദ്രത്തിനെതിരായ വിമർശനം പ്രസംഗത്തിലുണ്ടാകും. പ്രതിപക്ഷത്തിന്റെയും ഗവർണ്ണറോടുള്ള സമീപനം പ്രധാനമാണ്.

0
120

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടങ്ങും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രസംഗം മുഴുവൻ വായിക്കുമോ എന്നതാണ് ആകാംക്ഷ. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. ‌മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് പുതുവർഷത്തിൽ തുടക്കമാകുന്നത്.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലടക്കം കേന്ദ്രത്തിനെതിരായ വിമർശനം പ്രസംഗത്തിലുണ്ടാകും. ഭരണപക്ഷം തെരുവിൽ നേരിടുമ്പോഴാണ് ഗവർണ്ണർ സർക്കാരിന്റെ നയം പറയാനെത്തുന്നത്. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഗവർണ്ണറോടുള്ള സമീപനം പ്രധാനമാണ്.

ഓർഡിനൻസുകൾക്ക് പകരമുള്ള മൂന്ന് ബില്ലുകൾ അടക്കം ആകെ എട്ട് ബില്ലുകളാണ് പരിഗണിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധത്തിലെ സർക്കാർ-പ്രതിപക്ഷ പോരാണ് സഭക്ക് പുറത്ത് ഇതുവരെ കണ്ടത്. ജനുവരി 29, 30, 31 തീയതികൾ ഗവർണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചക്കായി മാറ്റി വച്ചിരിക്കുന്നു. ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 6 മുതൽ 11 വരെയുള്ള തീയതികളിൽ സഭ ചേരില്ല.

തുടർന്ന് ഫെബ്രുവരി 12 മുതൽ 14 വരെയുള്ള തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. ധനാഭ്യർത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതൽ 25 വരെയുള്ള കാലയളവിൽ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേരും. ഫെബ്രുവരി 26 മുതൽ മാർച്ച് 20 വരെയുള്ള കാലയളവിൽ 13 ദിവസം, 2024-25 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്ത് പാസ്സാക്കുന്നതിനായും നീക്കിവച്ചിട്ടുണ്ടെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.