പാലക്കാട്: സ്കൂൾ ടൂറിന് പോകാൻ പണം നൽകാത്തതിനെ തുടർന്ന് പതിനൊന്നു വയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടത്തനാട്ടുകര കോട്ടപള്ള സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റിദാനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്നും ടൂറിന് പോകാൻ സാധിക്കാത്തതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
ഇന്ന് രാവിലെയാണ് റിദാനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടൂറിന് താത്പര്യമുണ്ടെന്ന് വീട്ടിൽ പറഞ്ഞിരുന്നെങ്കിലും പണം കൊടുക്കാൻ സാധിച്ചിരുന്നില്ല. പണം കൊടുത്തില്ലെങ്കില്‍ ടൂറിന് പോകാന്‍ കഴിയില്ലെന്ന് സ്കൂള്‍ അധികൃതരും അറിയിച്ചിരുന്നു. നാളെയാണ് സ്കൂളിൽ നിന്നും വയനാട്ടിലേക്ക് ടൂറിന് പോകാൻ തീരുമാനിച്ചിരുന്നത്. റിദാന്റെ പിതാവ് വിദേശത്താണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)