തൃശ്ശൂര്‍: വനിതാ കമ്മീഷന് മുൻപിലേയ്ക്ക് വരുന്ന അദാലത്തുകളിൽ ഫലപ്രദമായി ഇടപെടൽ നടത്താൻ സാധിക്കുന്നുണ്ടെന്ന് കമ്മീഷൻ അംഗം. തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ വനിതാ കമ്മിഷൻ സംഘടിപ്പിച്ച അദാലത്തിൽ പരിഗണിച്ച 52 കേസുകളിൽ 16 എണ്ണം തീർപ്പാക്കി. 32 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി സര്‍ക്കാര്‍, സ്വകാര്യ, കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ അടക്കം നിര്‍ബന്ധമായും രൂപീകരിക്കണമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണ്.
ഇന്റേണല്‍ കമ്മറ്റി രൂപീകരണം സംബന്ധിച്ച ബോധവല്‍ക്കരണം ശക്തിപ്പെടുത്തി വരുകയാണ്. എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റി രൂപീകരണം ഊര്‍ജിതമാക്കണമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.
ഔദ്യോഗിക ജീവിതത്തില്‍ ഉണ്ടായ ഒറ്റപ്പെടലുകളും മാനസിക പ്രയാസങ്ങളും തുറന്നു പറയാന്‍ ഇടം ഉണ്ടാകേണ്ടതിന്റെ ആവശ്യകത കൊല്ലത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ മരണത്തിലും പ്രതിഫലിക്കുന്നുണ്ട്. അനീഷ്യയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് എല്ലാവിധ സഹായവും കുടുംബാംഗങ്ങള്‍ക്കും അന്വേഷണ ചുമതലയുള്ളവര്‍ക്കും വനിതാ കമ്മിഷന്‍ ഉറപ്പുവരുത്തും.
കുടുംബാംഗങ്ങളെ നേരില്‍കണ്ട് വിവരങ്ങള്‍ ചോദിച്ചറിയുകയും സഹായസഹകരണങ്ങള്‍ നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. അഡ്വ. സജിത അനില്‍, ഇന്ദു മേനോന്‍, കൗണ്‍സിലറായ മാലാ രമണന്‍, വനിത സെല്‍ സി ഐ ടി ഐ എല്‍സി തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.