ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് താഴെവീണു ; ഹെഡ് നഴ്‌സിന് ദാരുണാന്ത്യം

0
222

തിരൂര്‍: ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. മലപ്പുറം ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്സ് തൃശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശി ടി ജെ മിനിയാണ് (48) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം നടന്നത്. ഇന്ന് രാവിലെയാണ് മിനി മരണപ്പെട്ടത്. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം.

ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ താഴത്തെ നിലയിൽ നിന്ന് അണ്ടർ ഗ്രൗണ്ട് ഫ്ലോറിലേക്കാണ് മിനി വീണത്. ഓങ്കോളജി ചികിത്സയ്ക്കായി നിർമിച്ച പുതിയ കെട്ടിടമാണിത്. ആശുപത്രിയിലെ ക്യാൻസർ ചികിത്സാവാർഡ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുന്നതിന്റെ ഭാഗമായി നഴ്സിംഗ് സൂപ്രണ്ടിനും മറ്റൊരു നഴ്സിനുമൊപ്പം പരിശോധനയ്‌ക്കെത്തിയതായിരുന്നു മിനി. താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതിൽ തുറന്ന് നിലമുണ്ടെന്ന് കരുതി കാലെടുത്തു വച്ചതാണ്. എന്നാൽ വാതിലിനപ്പുറം അണ്ടർ ഗ്രൗണ്ട് ഫ്ലോറായിരുന്നു. ഇതോടെ മിനി എട്ട് മീറ്ററോളം താഴേക്ക് വീഴുകയായിരുന്നു.

യന്ത്രങ്ങളും മറ്റും മുകളിലേക്ക് കയറ്റാന്‍ നിര്‍മ്മിച്ചഭൂഗര്‍ഭ അറയിലേക്കാണ് വീണത്. ജീവനക്കാരാണ് മിനിയെ ആശുപത്രിയിൽ എത്തിച്ചത്. തലയോട്ടിക്കും വയറിനും ഗുരുതര പരിക്കേറ്റ മിനിയെ കൂടുതൽ ചികിത്സയ്ക്കായി കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.