ബസ്സും ലോറിയും തകരാറിലായി, താമരശ്ശേരി ചുരത്തില്‍ വൻ ​ഗതാഗത കുരുക്ക് ; വാഹനങ്ങൾ മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ച് വരികയാണ്.

0
119

കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ബസ്സും ലോറിയും തകരാറിലായതിനെ തുടർന്ന് താമരശ്ശേരി ചുരത്തില്‍ വൻ ​ഗതാഗത കുരുക്ക്. ചുരത്തില്‍ ആറാം വളവില്‍ വെച്ചാണ് ബസ് തകരാറിലായത്. ഇതിന് സമീപത്തായി ഒരു ലോറിയും തകരാറിലായി കുടുങ്ങിയതോടെയാണ് ഗതാഗത കുരുക്കുണ്ടായത്. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു.

ഇന്ന് രാവിലെ എട്ട് മണിക്ക് ശേഷമാണ് കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ടൗണ്‍ ബസ് ആറാം വളവില്‍ കുടുങ്ങിയത്. കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ ആക്‌സില്‍ ഒടിഞ്ഞ് കുടുങ്ങുകയായിരുന്നു. ഇതോടെ മിനിറ്റുകള്‍ കൊണ്ട് തന്നെ രണ്ടാം വളവിന് അപ്പുറത്തേക്ക് ഗതാഗതക്കുരുക്ക് നീണ്ടു.

ഇപ്പോള്‍ ഒരുവശം ചേര്‍ന്നു മാത്രമാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ച് വരികയാണ്. ഇരു വാഹനങ്ങളും മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.