സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ വളരെ അനുകൂലമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്ന അഭിപ്രായങ്ങൾ സംരംഭക സംഘടനയായ ടൈ കേരളയുടെ സംരംഭക അവാർഡുദാന ചടങ്ങിലാണ് ഗവർണർ പറഞ്ഞത്.
ബിസിനസ് രംഗത്ത് കടന്നുവരുന്നവരെക്കൊണ്ട് ‘വിനാശകാലേ വ്യവസായബുദ്ധി’ എന്നു പറയിപ്പിക്കുന്ന കാലമല്ല ഇതെന്നും അനുകൂലമായ ബിസിനസ് സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ യുവാക്കൾ സംരംഭക ആശയങ്ങളുമായി വരണമെന്നും ഗവർണർ പറഞ്ഞു.
ഏഴു വിഭാഗങ്ങളിലായാണ് സംരംഭകർക്ക് ടൈ കേരള അവാർഡുകൾ സമ്മാനിച്ചത്. പി കെ ഗ്രൂപ്പ് ചെയർമാൻ പി കെ അഹമ്മദ് (ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്)-, ജനറൽ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമൽ ഗോവിന്ദ് (എമർജിങ് എന്റർപ്രണർ ഓഫ് ദി ഇയർ-), റാപ്പിഡോർ സ്ഥാപകനും സിഇഒയുമായ തോംസൺ സ്‌കറിയ (സ്റ്റാർട്ടപ് എന്റർപ്രണർ ഓഫ് ദി ഇയർ), ലൂക്കർ ഇലക്‌ട്രിക് എംഡിയും സ്ഥാപകനുമായ വി ജ്യോതിഷ്‌കുമാർ (എന്റർപ്രണർ ഓഫ് ദി ഇയർ), വി–-ഗാർഡ് ഇൻഡസ്ട്രീസ് എംഡി മിഥുൻ ചിറ്റിലപ്പിള്ളി (നെക്സ്റ്റ് ജനറേഷൻ അച്ചീവർ) എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പൻ, വിവേക് കൃഷ്ണ ഗോവിന്ദ്, മുൻ പ്രസിഡന്റ് എം എസ് എ കുമാർ എന്നിവർ സംസാരിച്ചു.