കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ചു ക്രൈംബ്രാഞ്ച്. ജില്ലാ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആദിവാസി യുവാവ് ആത്മഹത്യ ചെയ്തത് ആൾക്കൂട്ട വിചാരണയെത്തുടര്‍ന്ന് അല്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കുഞ്ഞിനെ കാണാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്നുളള മനോവിഷമവും വ്യക്തിപരമായ മറ്റ് പ്രശ്നങ്ങളുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തൽ. കേസ് അവസാനിപ്പിച്ച് അന്വേഷണ സംഘം കോഴിക്കോട് ജില്ല കോടതിയിൽ റിപ്പോർട്ട് നൽകി.
കഴിഞ്ഞ വർഷം ഫെബ്രുവരി 11 നാണ് ആദിവാസി യുവാവ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ട വിചാരണ നേരിട്ടതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തന്നെന്ന് കുടുംബം ആരോപിച്ചു. ഇതിലുളള മനോവിഷമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നായിരുന്നു പരാതി. എന്നാൽ ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സംഭവം നടന്ന് ഒരുവർഷമാകുമ്പോൾ ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.
ജനമധ്യത്തിൽ അപമാനിതനായ വിശ്വനാഥൻ മാനസിക വിഷമത്താൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പൊലിസ് മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ട് . എന്നാൽ ഇതിന് അടിസ്ഥാനമായ തെളിവുകൾ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ല വിശ്വനാഥനെ കാണാതാകുന്ന ദിവസം രാത്രി മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നിൽ നിന്ന് ഇയാൾ ഓടി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു എന്നാൽ ഇത് എന്തുകൊണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല തുടർന്നാണ് കുടുംബത്തിന്റെ ആവശ്യപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് ആ അന്വേഷണ റിപ്പോർട്ടാണ് ജില്ലാ കോടതിയിൽ സമർപ്പിച്ചത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചു. സംഭവസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന ആളുകൾ, സുരക്ഷ ജീവനക്കാർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് ഓടിയ വിശ്വനാഥന് ചുറ്റം ആളുകള്‍ കൂടി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെങ്കിലും ഇവര്‍ വിശ്വനാഥനെ തടഞ്ഞുവയ്ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. മറിച്ച്, ഭക്ഷണം കഴിച്ചോ എന്നതടക്കമുളള കാര്യങ്ങള്‍ തിരക്കുകയാണ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
ആരും മോഷണക്കുറ്റം ആരോപിച്ചിട്ടും ഇല്ല, അന്നേദിവസം മോഷണ പരാതിയൊന്നും പൊലീസിന് കിട്ടിയിട്ടുമില്ല. അതേസമയം, കുഞ്ഞ് ജനിച്ചതിറഞ്ഞ സന്തോഷത്തിലായിരുന്ന വിശ്വനാഥന് കുഞ്ഞിനെ കാണാന്‍ കഴിയാഞ്ഞത് വിഷമം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആൾക്കൂട്ട വിചാരണയില്ലെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് അന്വേഷണമവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോഴിക്കോട് ജില്ല കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.