നവകേരള സദസ്സ് നിവേദനങ്ങളില്‍ തുടര്‍നടപടി; അദാലത്ത് സംഘടിപ്പിച്ചു

നിവേദനങ്ങളില്‍ നല്‍കിയ മറുപടികള്‍ പരിശോധിച്ച് ഭേദഗതി ആവശ്യമായത് വേര്‍തിരിച്ച് നല്‍കുകയും മറുപടികളില്‍ വ്യക്തതക്കുറവുള്ളവ പരിഹരിക്കാനും അദാലത്തില്‍ നിര്‍ദേശം നല്‍കി.

0
117

കോഴിക്കോട്: നവകേരള സദസ്സില്‍ കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളില്‍ ലഭിച്ച നിവേദനങ്ങളില്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ സ്വീകരിച്ച നടപടികളും മറുപടികളും പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനില്‍ അദാലത്ത് സംഘടിപ്പിച്ചു.

കോഴിക്കോട് കോര്‍പ്പറേഷനില്‍ ആകെ 1,986 നിവേദനങ്ങളാണ് നവകേരള സദസ്സില്‍ ലഭിച്ചത്. ഇതില്‍ 886 എണ്ണം വീടുകള്‍ ലഭിക്കുന്നതിനും 230 എണ്ണം എഞ്ചിനീയറിംങ് വിംഗിലുള്ളതും 68 എണ്ണം ആരോഗ്യ വിഭാഗത്തിലുള്ളതുമാണ്. പ്ലാനിംഗ് വിഭാഗത്തില്‍ 124 എണ്ണവും എലത്തൂര്‍ സോണില്‍ 72, ബേപ്പൂര്‍ സോണില്‍ 97, ചെറുവണ്ണൂര്‍ സോണില്‍ 219 എണ്ണവും ലഭിച്ചിട്ടുണ്ട്.

നിവേദനങ്ങളില്‍ നല്‍കിയ മറുപടികള്‍ പരിശോധിച്ച് ഭേദഗതി ആവശ്യമായത് വേര്‍തിരിച്ച് നല്‍കുകയും മറുപടികളില്‍ വ്യക്തതക്കുറവുള്ളവ പരിഹരിക്കാനും അദാലത്തില്‍ നിര്‍ദേശം നല്‍കി.

ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ അദാലത്ത് ഈ മാസം 22, 23, 24 തീയതികളില്‍ നടത്തും. ഇതിന് മുന്നോടിയായാണ് താലൂക്ക് തലത്തില്‍ അദാലത്ത് നടത്തിയത്. അദാലത്തിന് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ്, സീനിയര്‍ സൂപ്രണ്ട് എ എം അശോകന്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ കെ കെ സാവിത്രി, പി സി മുജീബ് എന്നിവര്‍ നേതൃത്വം നല്‍കി. അദാലത്തില്‍ 52 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.