ഇനി ബലപ്രയോ​ഗം വേണ്ടിവരുമോ ? ഔദ്യോഗിക വസതി ഒഴിയാന്‍ മഹുവയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

മഹുവ മൊയ്ത്ര ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായതിനാല്‍ അവര്‍ക്ക് ഔദ്യോഗിക വസതിയില്‍ തുടരാമെന്നാണ് മഹുവയുടെ അഭിഭാഷകര്‍ പറയുന്നത്.

0
241

അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്രയ്‌ക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. എംപിയെന്ന നിലയിൽ അനുവദിച്ച സർക്കാർ ബംഗ്ലാവ് ഉടൻ ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് പുതിയ അറിയിപ്പില്‍ ഉള്ളത്. സർക്കാർ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിനെതിരെ മഹുവ ദില്ലി ഹൈക്കോടതിയെ സമീപിക്കും.

ലോക്‌സഭയില്‍ നിന്നും അയോഗ്യയാക്കപ്പെട്ട ശേഷം സർക്കാർ ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് മൊയ്‌ത്രയ്‌ക്ക് കേന്ദ്രം നോട്ടീസ് അയച്ചിരുന്നു. എന്നാൽ താമസം ഒഴിയാൻ മൊയ്‌ത്ര ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെയാണ് ശക്തമായ ഭാഷയിൽ കേന്ദ്രം പുതിയ നോട്ടീസ് അയച്ചിരിക്കുന്നത്. സ്വന്തം നിലയിൽ ഒഴിഞ്ഞില്ലെങ്കിൽ, ബലമായി ഒഴിപ്പിക്കുമെന്നാണ് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സിന്റെ അറിയിപ്പ്. അതേസമയം മഹുവ മൊയ്ത്ര ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായതിനാല്‍ അവര്‍ക്ക് ഔദ്യോഗിക വസതിയില്‍ തുടരാമെന്നാണ് മഹുവയുടെ അഭിഭാഷകര്‍ പറയുന്നത്.

മതിയായ അവസരം നൽകിയിട്ടും, അനധികൃത താമസക്കാരിയല്ലെന്ന് തെളിയിക്കുന്നതിൽ മൊയ്‌ത്ര പരാജയപ്പെട്ടുവെന്ന് നോട്ടീസിൽ പറയുന്നു. ഒരു മാസം മുമ്പാണ് ചോദ്യത്തിന് കോഴ വിവാദത്തിൽ മൊയ്‌ത്രയെ എംപി സ്ഥാനത്തുനിന്നും പുറത്താക്കിയത്. പാർലമെൻ്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ ഒരു വ്യവസായിയിൽ നിന്ന് പണവും വിലകൂടിയ സമ്മാനങ്ങൾ സ്വീകരിച്ചെന്നും, പാർലമെന്റ് ലോഗിൻ ക്രെഡൻഷ്യലുകൾ അയാളുമായി പങ്കുവച്ചുമെന്നുമാണ് മൊയ്ത്രയ്‌ക്കെതിരെയുള്ള ആരോപണം.