കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിർണ്ണായകം. രാഹുൽ മാങ്കൂട്ടത്തിൻ്റെ ജാമ്യാപേക്ഷകള്‍ കോടതി ഇന്ന് പരിഗണിക്കും. സെക്രട്ടറിയേറ്റ്, ഡി ജി പി ഓഫീസ് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് രാഹുൽ അറസ്റ്റിലായിരിക്കുന്നത്. ഈ കേസുകളുമായി ബന്ധപ്പെട്ട രാഹുലിൻ്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അതേസമയം യൂത്ത് കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകർക്ക് എതിരെയുള്ള പൊലീസ് നടപടിക്കെതിരെ ഇന്ന് വൈകീട്ട് യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടക്കും. യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ ബി വി ശ്രീനിവാസ് നൈറ്റ് മാർച്ചിൽ പങ്കെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ മാസം യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റ് നടന്നത്. തുടർന്ന് അദ്ദേഹത്തെ റിമാൻഡ് ചെയ്യുകയായിരുന്നു. ഈ മാസം 22 വരെയാണ് രാഹുലിൻ്റെ റിമാന്‍ഡ് കാലാവധി.
കോടതി ജാമ്യാപേക്ഷ തള്ളുകയോ ജാമ്യപേക്ഷയിൽ വിധി വന്നില്ലെങ്കിലോ രാഹുൽ മാങ്കൂട്ടത്തിലിന് ജയിലിൽ തുടരേണ്ടി വരും. പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങിയവയാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അതിനിടെ മൂന്ന് കേസുകളില്‍ക്കൂടി രാഹുലിൻ്റെ അറസ്റ്റ് തിരുവനന്തപുരം കൻ്റോണ്‍മെൻ്റ് പൊലീസും മ്യൂസിയം പൊലീസും കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ജാമ്യം ലഭിച്ച് രാഹുൽ മങ്കൂട്ടത്തിൽ പുറത്തിറങ്ങിയാൽ വൻ സ്വീകരണമൊരുക്കുവാനും യൂത്ത് കോൺഗ്രസും കോൺഗ്രസും തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ മജിസ്ട്രേറ്റ് കോടതി രാഹുൽ മാങ്കൂട്ടത്തിന് ജാമ്യം നിരസിച്ചിരുന്നു. ഇതിന് പിന്നാലെ രാഹുൽ തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന വൈദ്യപരിശോധന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. എന്നാൽ ഡിസ്ചാർജ് സമ്മറിയിൽ ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങളുള്ളതായി വ്യക്തമാക്കിയിരുന്നു എന്നാണ് വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വീണ്ടും രാഹുൽ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.