‘ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല, ആർക്കും അഭിപ്രായങ്ങൾ പറയാം’: മന്ത്രി സജി ചെറിയാൻ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് വീടുകളിൽ ദീപം തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ പരാമർശം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ശക്തമാവുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം. പരാമർശം വിവാദമാക്കേണ്ടെന്ന നിലപാടിലാണ് മന്ത്രി.

0
143

തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശത്തിൽ ​ഗായിക കെഎസ് ചിത്രയ്ക്ക് നേരെ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവർക്ക് പോകാം, വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല. ആർക്കും അഭിപ്രായങ്ങൾ പറയാമെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് വീടുകളിൽ ദീപം തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ പരാമർശം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ശക്തമാവുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം. പരാമർശം വിവാദമാക്കേണ്ടെന്ന നിലപാടിലാണ് മന്ത്രി.

ചിത്രയെ വിമർശിച്ച് യുവ ഗായകൻ സൂരജ് സന്തോഷും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സൂരജ് തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ, സൗകര്യപൂർവം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൈഡിലേക്ക്‌ മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുന്നൊക്കെ പറയുന്ന ആ നിഷ്കളങ്കതയാണ്. വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെ എസ്‌ ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നു. കഷ്ടം, പരമ കഷ്ടം’- സൂരജ് സന്തോഷ്‌ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറയുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമാണ് ചിത്ര വീഡിയോയിൽ പറയുന്നത്. ‘അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12, 20ന് ശ്രീരാമ ജയരാമ’എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ട എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു’ ചിത്ര പറയുന്നു.