തണുത്തുറഞ്ഞ് ഉത്തരേന്ത്യ ; ശൈത്യതരംഗം അതിരൂക്ഷം, ദൃശ്യത പൂജ്യത്തിലേക്ക് താഴുന്നു, വിമാന-റെയിൽ ഗതാഗതം താറുമാറിൽ

മൂടൽമഞ്ഞും അതിശൈത്യവും രൂക്ഷമായ ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം മാത്രം റദ്ദാക്കിയത് 600 ഓളം ഫ്ളൈറ്റുകളാണ്.

0
300

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യതരം​ഗം അതിരൂക്ഷമായി തുടരുന്നു. കനത്ത മൂടല്‍മഞ്ഞില്‍ ഡല്‍ഹി ഉള്‍പ്പെടെ പലയിടത്തും ദൃശ്യ പരിധി പൂജ്യത്തിലേക്ക് താഴ്ന്നതായി അധികൃതര്‍ വ്യക്തമാക്കി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍, പട്യാല, അംബാല, ചണ്ഡിഗഡ്, പാലം, സഫ്ദര്‍ജംഗ് (ന്യൂദല്‍ഹി), ബറേലി, ലഖ്‌നൗ, ബഹ്‌റൈച്ച്, വാരണാസി, പ്രയാഗ്രാജ്, തേസ്പൂര്‍ എന്നിവിടങ്ങളിലാണ് ഈ ശൈത്യകാലത്ത് ആദ്യമായി ദൃശ്യ പരിധി പൂജ്യമായി രേഖപ്പെടുത്തിയതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ഞായറാഴ്ച രാവിലെ ശരാശരി കുറഞ്ഞ താപനില ഏകദേശം 3 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞതോടെ ദേശീയ തലസ്ഥാനം തണുത്ത കാലാവസ്ഥയില്‍ വിറച്ചു. ദല്‍ഹിയിലെ സഫ്ദര്‍ജംഗ് മേഖലയില്‍ 3.5 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. ഇന്ന് പുലര്‍ച്ചെ 5:30 ന് പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ബിഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവയുടെ ഒറ്റപ്പെട്ട ഭാഗങ്ങളില്‍ വളരെ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് കാണപ്പെട്ടു.

അതേസമയം ജമ്മു, ചണ്ഡീഗഡ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, അസം, ദക്ഷിണ ഇന്റീരിയര്‍ കര്‍ണാടക എന്നിവയുടെ ഒറ്റപ്പെട്ട ഭാഗങ്ങളില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് കാണപ്പെട്ടു. ഐഎംഡി കണക്കുകള്‍ പ്രകാരം, ഞായറാഴ്ച രാവിലെ ജമ്മു ഡിവിഷന്‍, പഞ്ചാബ്, ഡല്‍ഹി, പശ്ചിമ ഉത്തര്‍പ്രദേശ്, ബിഹാര്‍, അസം, ത്രിപുര എന്നിവിടങ്ങളില്‍ ദൃശ്യ പരിധി 200 മീറ്ററില്‍ താഴെ രേഖപ്പെടുത്തി.

അതേസമയം, മൂടൽമഞ്ഞും അതിശൈത്യവും രൂക്ഷമായ ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം മാത്രം റദ്ദാക്കിയത് 600 ഓളം ഫ്ളൈറ്റുകളാണ്. കര,​ റെയിൽ,​ വ്യോമ ഗതാഗതത്തെ ഏതാണ്ട് 12 മണിക്കൂറിനടുത്ത് നീണ്ടുനിന്ന കനത്ത മൂടൽമഞ്ഞ് കാര്യമായിതന്നെ ബാധിച്ചു. പരമാവധി കാഴ്‌ചാപരിധി രാത്രി 12.30 മുതൽ പുലർച്ചെ മൂന്ന് മണിവരെ 200 മീറ്ററിൽ താഴെയായിരുന്നു.

തുടർന്ന് മൂന്ന് മണിമുതൽ രാവിലെ പത്തര വരെ പൂജ്യം ആയതോടെ ആയിരക്കണക്കിന് യാത്രക്കാരും സാധാരണക്കാരും ബുദ്ധിമുട്ടി. പിന്നീട് 12 മണി മുതൽ വൈകിട്ട് അഞ്ച് മണിവരെ കാഴ്‌ച വ്യക്തമായെങ്കിലും അപ്പോഴേക്കും വിമാന,​ റെയിൽ ഗതാഗതം താറുമാറായിരുന്നു. ഡൽഹി വിമാനത്താവളത്തിലെത്തേണ്ട നിരവധി വിമാനങ്ങൾ ജയ്‌പൂരേക്ക് വഴിതിരിച്ചുവിട്ടതായാണ് വിവരം.