റിയാദ്: കൂടിതൽ വിദേശികളേയും സംരംഭകരേയും രാജ്യത്തേയ്ക്ക് ക്ഷണിച്ച് സൗദി. രാജ്യത്തെ ഇഖാമ സംബന്ധിച്ച നിയമത്തിൽ മാറ്റം വരുത്തിയാണ് സർക്കാർ ിത് സാധ്യമാക്കുന്നത്. സ്വദേശി സ്പോൺസർമാരില്ലാതെ വിദേശികൾക്ക് സൗദി അറേബ്യയിൽ വിനോദ സഞ്ചാരത്തിനോ തൊഴിലിനോ മറ്റ് ബിസിനസ് സരംഭങ്ങൾ ആരംഭിക്കാനും സ്വാതന്ത്ര്യം നൽകുന്ന പ്രീമിയം ഇഖാമ (റെസിഡൻസി പെർമിറ്റ്) ഇനി മുതൽ കൂടുതൽ വിദേശികൾക്കും ലഭിക്കും.
പാശ്ചാത്യരാജ്യങ്ങളിലെ ഗ്രീൻ കാർഡ് മാതൃകയിലുള്ള പ്രീമിയം റെസിഡൻസി പെർമിറ്റിന് അഞ്ചുവിഭാഗങ്ങളിൽ പെടുന്ന വിദേശികൾക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് പ്രീമിയം റസിഡൻസി സെൻറർ ചെയർമാനും വാണിജ്യമന്ത്രിയുമായ ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അറിയിച്ചു. ഇതോടെ രാജ്യത്ത് വലിയ തരത്തിലുള്ള മാറ്റങ്ങളാണ് ലക്ഷ്യംവെയ്ക്കുന്നത്.
ഹെൽത്ത് കെയർ, ശാസ്ത്രം എന്നീ രംഗത്തെ വിദഗ്ധരും വിവിധ വിഷയങ്ങളിലെ ഗവേഷകരും, കലാകായിക പ്രതിഭകൾ, ബിസിനസ് നിക്ഷേപകർ, വ്യവസായ സംരംഭകർ, റിയൽ എസ്റ്റേറ്റ് ഉടമകൾ എന്നിങ്ങനെയുള്ളവർക്കായാണ് നിലവിൽ പ്രീമിയം ഇഖാമ അനുവദിക്കുന്നത്. ഭാവിയിൽ ഇത് കൂടുതൽ ആളുകൾക്കും ലഭ്യമാക്കുന്ന രീതിയിൽ വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.
2019-ലാണ് ആദ്യമായി പ്രീമിയം ഇഖാമ സംവിധാനം നിലവിൽ വന്നത്. സ്വദേശി സ്പോൺസർ ആവശ്യമില്ലാതെ വിദേശികൾക്ക് സൗദിയിൽ ജീവിക്കാനും ജോലി ചെയ്യാനും ബിസിനസുകളും സ്വത്തുക്കളും സ്വന്തമാക്കാനുള്ള അവകാശം നൽകുന്നതായിരുന്നു ഇതും.
ഭാര്യ, 25 വയസിൽ താഴെയുള്ള മക്കൾ, മാതാപിതാക്കൾ എന്നിവരെ സ്വന്തം സ്പോൺസർഷിപ്പിൽ സൗദിയിൽ താമസിപ്പിക്കാനും സ്വതന്ത്രമായി തൊഴിലെടുക്കാനും റീഎൻട്രി വിസ കൂടാതെ രാജ്യത്തിന് പുറത്തുപോകാനും തിരികെ വരാനുമെല്ലാം സ്വാതന്ത്ര്യം നൽകുന്ന ഈ ഇഖാമ രണ്ടു തരത്തിലാണ് അന്നുണ്ടായിരുന്നത്. പ്രതിവർഷം പുതുക്കുന്ന രീതിയിലും അനിശ്ചിതകാലത്തേക്കുമുള്ളത്. അനിശ്ചിതകാലത്തേക്കുള്ള ഇഖാമക്ക് എട്ട് ലക്ഷം റിയാലായിരുന്നു ഫീസ്. വർഷാവർഷം പുതുക്കേണ്ട ഇഖാമക്ക് ഒരു ലക്ഷം റിയാൽ വാർഷിക ഫീസും.