സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ

വത്തിക്കാനിലും സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമായിരുന്നു പ്രഖ്യാപനം.

0
156

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പിൻഗാമിയായി സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തു. സഭയുടെ ചരിത്രത്തിലെ നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായി അദ്ദേഹം ചുമതലയേല്‍ക്കും. വത്തിക്കാനിലും സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമായിരുന്നു പ്രഖ്യാപനം. ഷംഷാബാദു രൂപത ബിഷപ്പാണ് നിലവിൽ റാഫേൽ തട്ടിൽ. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേൽ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു.

ചൊവ്വാഴ്ച, സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡ് യോഗത്തില്‍ രഹസ്യ ബാലറ്റിലൂടെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തത്. 1956 ഏപ്രില്‍ 21-നാണ് മാര്‍ റാഫേല്‍ തട്ടില്‍ ജനിച്ചത്. തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ റാഫേല്‍ തട്ടില്‍, തൃശ്ശൂര്‍ രൂപതയ്ക്കുവേണ്ടി 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു. അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട്, വൈസ് റെക്ടര്‍, പ്രെക്കുരേറ്റര്‍ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളില്‍ ആക്ടിങ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്.

2010-ല്‍ തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതല്‍ ഇന്ത്യയില്‍ സിറോ മലബാര്‍ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷന്‍ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്തു. 2018-ലാണ് 23 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളുമടങ്ങുന്ന ഷംഷാബാദ് രൂപതയുടെ മെത്രാനാകുന്നത്. ഷംഷാബാദ് രൂപതയുടെ ആദ്യ ബിഷപ്പാണ് മാര്‍ തട്ടില്‍.