ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അതിശൈത്യം തുടരുന്നതിനാൽ നഴ്‌സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകൾക്കും ജനുവരി 12 വരെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. “നിലവിലെ തണുത്ത കാലാവസ്ഥ കാരണം അടുത്ത അഞ്ച് ദിവസത്തേക്ക് ഡൽഹിയിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കും” വിദ്യാഭ്യാസ വകുപ്പ് മന്ത്രി അതിഷി അറിയിച്ചു.
ജനുവരി 1 മുതൽ ഡൽഹിയിലെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. നാളെ ക്ലാസുകൾ പുനരാരംഭിക്കാൻ ഇരിക്കെയാണ് പുതിയ ഉത്തരവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഡൽഹിയിലും അതിന്റെ അയൽ സംസ്ഥാനങ്ങളിലും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. പ്രദേശങ്ങളിൽ പരമാവധി താപനില സാധാരണയിലും താഴെയായി തുടരുകയാണ്.
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ അതിശൈത്യം തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ശനിയാഴ്ച, ദേശീയ തലസ്ഥാനത്ത് പരമാവധി താപനില 15.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 8.2 ഡിഗ്രി സെൽഷ്യസാണ്, ഇത് സാധാരണയേക്കാൾ ഒരു ഡിഗ്രി കൂടുതലാണ്.
അതേസമയം ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ റെയിൽ വേയ്ക്ക് കനത്ത നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊറാദാബാദ് ഡിവിഷനിൽ മാത്രം 2023 ഡിസംബറിൽ റിസർവ് ചെയ്ത 20,000 ടിക്കറ്റുകൾ റദ്ദാക്കി. ടിക്കറ്റ് റദ്ദാക്കിയ യാത്രക്കാർക്ക് ഏകദേശം 1.22 കോടി രൂപ തിരികെ ലഭിച്ചു. ആകെ റദ്ദാക്കിയ റിസർവ് ചെയ്ത ടിക്കറ്റുകളിൽ 4,230 എണ്ണം ബറേലിയിലും 3,239 ടിക്കറ്റുകൾ മൊറാദാബാദിലും 3917 ടിക്കറ്റുകൾ ഹരിദ്വാറിലും 2,448 ടിക്കറ്റുകൾ ഡെറാഡൂണിലും റദ്ദാക്കിയെന്നാണ് ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) രാജ് കുമാർ സിംഗ് അറിയിച്ചത്.