ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഈ മാസം 22-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി. വിഗ്രഹപ്രതിഷ്‌ഠ ആചാരവിധിപ്രകാരമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഗ്രഹപ്രതിഷ്‌ഠ നടത്തുന്നതുകണ്ട് കൈയടിക്കാൻ താൻ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മധ്യപ്രദേശിലെ രത്‌ലാമിൽ സനാതൻ ധർമ്മ സഭയുടെ ചടങ്ങിൽ പങ്കെടുക്കവെയാണ് പുരി ശങ്കരാചാര്യയുടെ പ്രഖ്യാപനം. പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നതിനെതിരെ ജ്യോതിഷ് പീഠ മഠത്തിലെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദയും ഋഷികേശിലെ സ്വാമി ദയാശങ്കർ ദാസും നേരത്തേ രംഗത്തുവന്നിരുന്നു.
ശങ്കരാചാര്യ പീഠങ്ങളുടെ മാർഗനിർദേശമോ ഉപദേശമോ തേടാതെയാണ് ചടങ്ങെന്നും നിശ്‌ചലാനന്ദ വ്യക്തമാക്കി. ക്ഷണമുണ്ട്. എന്നാൽ, ആ ദിവസം അങ്ങോട്ടില്ല. പ്രധാനമന്ത്രി മോദി പ്രതിഷ്‌ഠ നടത്തുമ്പോൾ ശങ്കരാചാര്യ എന്നനിലയിൽ അവിടെ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും നിശ്‌ചലാനന്ദ പറഞ്ഞു.