വണ്ടിപ്പെരിയാർ കേസ് പ്രതിയെ വെറുതെ വിട്ടതിനെതിരായ അപ്പീൽ; ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

പ്രോസിക്യൂഷൻ ഹ‍ാജരാക്കിയ തെളിവുകൾ വിശകലനം ചെയ്യുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നത്.

0
182

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കട്ടപ്പന പ്രത്യേക കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോ‍ടതിയെ സമീപിച്ചത്. കേസിൽ പ്രതി അർജുനിന് നോട്ടീസ് അയച്ച കോടതി ഹർജി ഈ മാസം 29 ന് പരിഗണിക്കാൻ മാറ്റി. തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്.

പ്രോസിക്യൂഷൻ ഹ‍ാജരാക്കിയ തെളിവുകൾ വിശകലനം ചെയ്യുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നത്. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായില്ല.

2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിലും വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.

പ്രോസിക്യൂഷന്‍റെ പത്തുപാളിച്ചകളാണ് വണ്ടിപ്പെരിയാർ കൊലപാതകക്കേസിന്‍റെ നട്ടെല്ലൊടിച്ചതെന്നാണ് വിധിന്യായത്തിലുണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ അലംഭാവവും ശാസ്ത്രീയ തെളിവുശേഖരണത്തിലെ പരാജയവും കേസിലുടനീളം പ്രകടമായി. തെളിവുശേഖരണത്തിലും കുറ്റകരമായ നിശബ്ദത പലഘട്ടങ്ങളിലും പ്രകടമാണെന്നും ഉത്തരവിലുണ്ടായിരുന്നു.