വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കും; 2 ദിവസം 3 ജില്ലകൾക്ക് യെല്ലോ അലേർട്ട്

തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദത്തിന്റെയും അതുമായി ബന്ധപ്പെട്ട വടക്കൻ കേരള തീരത്തിന് സമീപമുള്ള ന്യുന മർദ്ദ പാത്തിയുടെയും സ്വാധീനത്തിൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴ ലഭിക്കും.

0
132

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. പുതിയ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ഇന്നും നാളെയും മഴ ശക്തമായേക്കുമെന്നാണ് സൂചന. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. വടക്കൻ ജില്ലകളിലാകും കൂടുതൽ മഴ സാധ്യത.

ഇന്നും നാളെയും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഈ രണ്ട് ദിവസവും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പുണ്ട്.

തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദത്തിന്റെയും അതുമായി ബന്ധപ്പെട്ട വടക്കൻ കേരള തീരത്തിന് സമീപമുള്ള ന്യുന മർദ്ദ പാത്തിയുടെയും സ്വാധീനത്തിൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി 4, 5 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 04.01.2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
05.01.2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.