സുകുമാരക്കുറുപ്പോ? 1 കോടിയുടെ ഇൻഷുറൻസിനായി കൊല, ജിം ട്രെയിനർ ഒടുവിൽ പിടിക്കപ്പെട്ടതിങ്ങനെ

എഫ് ഐ ആര്‍ ചൂണ്ടിക്കാട്ടി ആത്മഹത്യകള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനിയും കൈമലര്‍ത്തി. ഇതോടെ കിട്ടുമെന്നാഗ്രഹിച്ച ഒരു കോടി നഷ്ടമായി.

0
211

ചെന്നൈ: മലയാളികൾ ഇന്നും തിരയുന്ന മുഖങ്ങളിൽ ഒന്നാണ് കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറിപ്പിൻ്റേത്. തൻ്റെ പേരിലുണ്ടായിരുന്ന ഇൻഷുറൻസ് തുക കൈക്കലാക്കാൻ ചാക്കൊയെ കൊന്ന് കത്തിച്ച സുകുമാരക്കുറുപ്പ് ഇന്നും എവിടെയാണെന്ന് ആർക്കും അറിയില്ല. വർഷങ്ങളിത്ര കടന്നുപോയിട്ടും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ഓർമ്മിക്കുന്നതിന് കാരണം തന്നെ അയാൾചെയ്ത ക്രൂരതയുടെ ആഴമാണ്. ഇപ്പോൾ തമിഴ്നാട്ടിലും ഇതേമോഡൽ കൊലപാതകമാണ് നടന്നിരിക്കുന്നത്.

ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി മറ്റൊരാളെ കൊന്ന ജിം ട്രെയിനറാണ് പൊലീസ് പിടിയിലായത്. തമിഴ്നാട്ടിലെ അയനാവരം സ്വദേശിയായ സുരേഷാണ് അറസ്റ്റിലായത്. സ്വന്തം ‘മരണം’ വ്യാജമാ യി സൃഷ്ടിക്കാന്‍ ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ കൊലപാതകമാണ് ഇപ്പോൾ തമിഴ്നാടിനെ ഭീതിയിലാഴ്ത്തുന്നത്.

38 വയസുകാരനായ സുരേഷ് ഇയാളുടെ രണ്ട് സുഹൃത്തുക്കളും ചേർന്നാണ് സെപ്റ്റംബറിൽ കൊലപാതകം ആസൂത്രണം ചെയ്തത്. കാഴ്ചയില്‍ സരേഷുമായി സാമ്യമുള്ള ഒരാളെ കണ്ടെത്താനായിരുന്നു ആദ്യ ശ്രമം. നേരത്തെ പരിചയമുണ്ടായിരുന്ന ദിലിബാബു എന്നയാളെ അവസാനം ഇവര്‍ ഉറപ്പിച്ചു. ദിലിബാബുവിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയ ശേഷം മദ്യപിക്കുന്നതിനായി ഇയാളെ പുതുച്ചേരിയിലേക്ക് വിളിച്ചു. ഇവിടെ സുരേഷിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫാം ഹട്ടിലായിരുന്നു മദ്യപാനം. അവിടെ വെച്ച് ഫാം ഹൗസിന് തീയിട്ട് ദിലിബാബുവിനെ കൊന്നു. സുരേഷ് സ്ഥലത്തു നിന്ന് രക്ഷപ്പെടുകയും ചെയ്തു. തീ പിടുത്തത്തില്‍ സുരേഷ് മരിച്ചെന്നു കരുതി കുടുംബം അന്ത്യകര്‍മങ്ങള്‍ ചെയ്തു.

എന്നാല്‍ സംഭവത്തില്‍ പൊലീസ് ആത്മഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞു. എഫ് ഐ ആര്‍ ചൂണ്ടിക്കാട്ടി ആത്മഹത്യകള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനിയും കൈമലര്‍ത്തി. ഇതോടെ കിട്ടുമെന്നാഗ്രഹിച്ച ഒരു കോടി നഷ്ടമായി.

എന്നാല്‍ ഇതേസമയം മരണപ്പെട്ട ദിലിബാബുവിന്റെ അമ്മ ലീലാവതി അയാളെ പലയിടത്തും അന്വേഷിക്കുന്നുണ്ടായിരുന്നു. തെരച്ചിലുകളൊന്നും ഫലം കാണാതെ വന്നപ്പോള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് റിട്ട് നല്‍കി. ഇതിന്മേല്‍ അന്വേഷണം നടത്തിയ പൊലീസ് സംഘം ദിലിബാബു അവസാനം സുരേഷിനൊപ്പമായിരുന്നു എന്ന് മനസിലാക്കി അയാളുടെ വീട്ടിലെത്തി.

സുരേഷ് മരണപ്പെട്ടു എന്നായിരുന്നു വീട്ടുകാരുടെ മറുപടി. പൊലീസ് സുരേഷിന്റെ ഏതാനും സുഹൃത്തുക്കളെ കണ്ടെത്തി ചോദ്യം ചെയ്തു. ഇവരില്‍ നിന്നാണ് ദുരൂഹമായ ചില വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. ഇത് പിന്തുടര്‍ന്ന് അന്വേഷിച്ചതോടെ സുരേഷ് മരിച്ചിട്ടില്ലെന്നും ദിലിബാബുവിനെ കൊന്ന ശേഷം ഒളിവില്‍ കഴിയുകയാണെന്നും മനസിലായി. പിന്നാലെ സുരേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.