ന്യൂഡൽഹി: അർജുന, ഖേൽരത്‌ന അവാർഡുകൾ പ്രധാനമന്ത്രിയുടെ ഓഫിസിന് മുന്നിൽ ഉപേക്ഷിച്ച് ഗുസ്തി താരം വിനേഷ് ഫോഗാട്ട്. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫിലെത്തുന്നതിന് മുൻപ് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിലാണ് റോഡിൽ ഉപേക്ഷിച്ചത്. റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി (ഡബ്ല്യുഎഫ്‌ഐ) നടക്കുന്ന തർക്കത്തെ തുടർന്നാണ് താരം അവാർഡുകൾ ഉപേക്ഷിച്ചത്. ബജ്‌റംഗ് പുനിയ പത്മശ്രീ തിരികെ നൽകുകയും, സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ലൈംഗിക ആരോപണം നേരിടുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിംഗ് ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് താരങ്ങളുടെ ഈ നടപടി. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണമെഡൽ ജേതാവായ വിനേഷ് ഫോഗട്ട്, സഞ്ജയ് സിങ്ങിന്റെ തിരഞ്ഞെടുപ്പിൽ നിരാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയിരുന്നു.
വനിതാ ഗുസ്തിക്കാർക്ക് നീതി ലഭിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് തന്റെ അർജുന, ഖേൽ രത്‌ന അവാർഡുകൾ തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട് കത്തിൽ പറഞ്ഞിരുന്നു. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെരെ നിരവധി വനിതാ ഗുസ്തിക്കാരാണ് ലൈംഗികാതിക്രമം ആരോപിച്ചത്. തുടർന്ന് വിനേഷ്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവരുൾപ്പെടെ രാജ്യത്തെ മുൻനിര ഗുസ്തിക്കാർ ബ്രിജ് ഭൂഷണ നെതിരെ മാസങ്ങൾ നീണ്ട പ്രതിഷേധത്തിന് നേതൃത്വം നൽകി.
“എനിക്ക് മേജർ ധ്യാൻചന്ദ് ഖേൽരത്‌നയും അർജുന അവാർഡും ലഭിച്ചു, പക്ഷേ അവയ്ക്ക് എന്റെ ജീവിതത്തിൽ ഒരു അർത്ഥവുമില്ല. എല്ലാ സ്ത്രീകളും ആദരവോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് പ്രധാനമന്ത്രി, എന്റെ മേജർ ധ്യാന് ചന്ദ് ഖേൽരത്‌നയും അർജുനയും തിരികെ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ബഹുമാനത്തോടെ ജീവിക്കാനുള്ള പാതയിൽ ഈ പുരസ്‌കാരങ്ങൾ ഞങ്ങൾക്ക് ഭാരമാകാതിരിക്കാനാണ് ഈ അവാർഡ് തിരികെ നൽകുന്നത്.” – പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വിനേഷ് കുറിച്ചു.