വയോധികനെ കടയ്ക്കുള്ളിൽ കൊലപ്പെടുത്തിയ സംഭവം ; അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു

വൻ ആസൂത്രണം നടത്തിയാണ് കൊല നടത്തിയതെന്നു അന്വേഷണത്തിൽ വ്യക്തമായിരുന്നു.

0
173

പത്തനംതിട്ട : മൈലപ്രയിലെ വായോധികനായ വ്യാപാരിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കാൻ എസ് പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. മൈലപ്ര പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ മലഞ്ചരക്കും കാര്‍ഷിക ഉപകരണങ്ങളും വില്‍ക്കുന്ന പുതുവേലില്‍ സ്‌റ്റോഴ്‌സ് കട നടത്തുന്ന ജോർജ് ഉണ്ണുണ്ണി ( 72) ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. വൻ ആസൂത്രണം നടത്തിയാണ് കൊല നടത്തിയതെന്നു അന്വേഷണത്തിൽ വ്യക്തമായിരുന്നു. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം നടത്തിയതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

മോഷണത്തിനിടെയുള്ള കൊലപാതമെന്നാണ്‌ പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിൻറെ കഴുത്തിൽക്കിടന്ന സ്വർണ്ണമാല മോഷണം പോയിട്ടുണ്ട്. ജോർജ് എല്ലാ ദിവസവും ആറ് മണിക്ക് കടയടച്ചുപോകാറാണ് പതിവ്. അദ്ദേഹത്തിന്റെ കൊച്ചുമകൻ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നതിന് വന്നപ്പോളാണ് മരിച്ച നിലയിൽ കണ്ടത്. കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌കും എടുത്തുമാറ്റിയ നിലയിലാണ്. റോഡിലെയും സമീപത്തെ വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.