മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും ; മകരവിളക്ക് ജനുവരി 15ന്

വൈകിട്ട്‌ 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് നട തുറക്കും

0
180

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട്‌ 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് നട തുറക്കും. ആഴിയിൽ അഗ്നി പകരുന്നതോടെ തീർഥാടകർക്ക് ദർശനം ചെയ്യാം. മണ്ഡലപൂജകൾക്ക്‌ ശേഷം 27 ന് രാത്രിയായിരുന്നു നട അടച്ചത്‌.

ജനുവരി 15ന് ആണ്‌ മകരവിളക്ക്. വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവു പൂജകൾക്കു ശേഷം വൈകിട്ട്‌ അഞ്ചിനാണ് അന്ന് നട തുറക്കുക. തുടർന്ന്‌ തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15, 16, 17, 18, 19 തീയതികളിൽ എഴുന്നള്ളിപ്പും നടക്കും. 19 വരെ തീർഥാടകർക്ക് നെയ്യഭിഷേകം ചെയ്യാം .19ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. 20 വരെ തീർഥാടകർക്ക്‌ ദർശനത്തിനുള്ള സൗകര്യമുണ്ട്. 21ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് രാവിലെ പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം നട അടയ്‌ക്കും.