മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. 2001ൽ ലോഹിതദാസിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. അഭിനയ മികവ് കൊണ്ട് കയ്യടി നേടിയ മീര വളരെ പെട്ടെന്നാണ് മലയാളത്തിലെ മുൻനിര നായികയായി വളർന്നത്. പ്രേക്ഷക മനസിൽ പതിഞ്ഞ ഒട്ടനവധി കഥാപാത്രങ്ങൾ മീര ജാസ്മിൻ അവതരിപ്പിച്ചു. മഞ്ജു വാര്യർ അഭിനയ രംഗം വിട്ട ശേഷം ആ വിടവ് നികത്താൻ കഴിഞ്ഞ ഏക നടി മീര ജാസ്മിനാണ്. തുടക്ക കാലം മുതൽ ശ്രദ്ധേയ സിനിമകൾ മീര ജാസ്മിനെ തേടി വന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തുടരെ ലഭിച്ചതാണ് മീരയെ കരിയറിൽ തുണച്ചത്. മലയാളത്തിനൊപ്പം തന്നെ തമിഴ് തെലുങ്ക് ഭാഷകളിലും ഒരിടം കണ്ടെത്താൻ മീരയ്ക്കായി. സിനിമകൾ തെരെഞ്ഞെടുക്കുന്നതിൽ എന്നും മീര ശ്രദ്ധാലുവായിരുന്നു. കരിയർ ഗ്രാഫ് പരിശോധിച്ചാൽ നടിക്ക് അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രമാണ് ലഭിച്ചത്. രസതന്ത്രം, വിനോദയാത്ര, സ്വപനക്കൂട് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.
മലയാളത്തിൽ നിന്ന് തമിഴിലേക്ക് കടന്നപ്പോഴും മീരയെ തേടി മികച്ച അവസരങ്ങളെത്തി. സണ്ടക്കോഴി, റൺ തുടങ്ങിയ സിനിമകൾ വൻവിജയമായി. തെന്നിന്ത്യയിലെ വിലപിടിപ്പുള്ള നായിക നടിയായി മാറിയ മീര പക്ഷെ പിന്നീട് സിനിമാ ലോകത്ത് നിന്നും അകന്നു. പിന്നീട് ആറ് വർഷങ്ങൾക്ക് ശേഷം മീര കഴിഞ്ഞാ വർഷം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന സിനിമയിലൂടെ ആയിരുന്നു മീരയുടെ മടങ്ങി വരവ്. എന്നാൽ ഇപ്പോഴിതാ തിരിച്ച് വരവിൽ ശക്തമായ സാന്നിധ്യം അറിയിക്കാനുള്ള ഒരുക്കത്തിലാണ് നടി. ക്വീൻ എലിസബത്താണ് മീരയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് മീര ഇപ്പോൾ. ഇതിനിടയിൽ ഇപ്പഴിതാ സിനിമ ജീവിതത്തിൽ താനെടുത്ത ഇടവേളകളെക്കുറിച്ച് സംസാരിക്കുകയാണ് മീരാജാസ്മിൻ.
അങ്ങനെയൊരു ഇടവേള തനിക്ക് ആവശ്യമായിരുന്നു എന്നും സ്വന്തം വ്യക്തിത്വത്തെ വിലയിരുത്താൻ അത് സഹായിച്ചിട്ടുണ്ടെന്നും മീര പറയുന്നു. തനിക്കൊരു നല്ല മാറ്റം വന്നിട്ടുണ്ടെങ്കിൽ അതിനു കാരണം ആ ഇടവേളയാണെന്നും നടി പറയുന്നു. ഇന്ന് ഞാൻ ഒരു വ്യത്യസ്‌തയായ ആളാണ്. എൻ്റെ ഒരു ബെറ്റർ വേർഷൻ ആയിട്ടുണ്ടെന്ന് എനിക്ക് സ്വയം തോന്നുന്നുണ്ടെങ്കിൽ അതിന് കാരണം ആ ബ്രേക്കാണ്. എന്റെ ജീവിതത്തിനും എന്റെ ആരോഗ്യത്തിനുമെല്ലാം അത് ആവശ്യമായിരുന്നുവെന്നാണ് മീര പറയുന്നത്. തുടർച്ചയായി ഒരേ കാര്യങ്ങൾ തന്നെ ചെയ്ത് ജീവിതം മുന്നോട്ടു പോകുമ്പോൾ പല കാര്യങ്ങളും നമ്മൾ അറിയുന്നില്ല . ഇടയ്ക്കൊന്ന് നമ്മൾ അതിൽ നിന്ന് മറി നിന്ന് സ്വയമൊന്ന് വിലയിരുത്തണം. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ശ്രദ്ധിക്കണം. എന്താണ് സംഭവിച്ചതെന്ന് അപ്പോൾ നമുക്ക് മനസിലാവും. ഞാൻ എന്ന വ്യക്തിയിലും എല്ലാ കാര്യത്തിലും വന്ന മാറ്റങ്ങൾ അപ്പോൾ നമുക്ക് മനസിലാക്കാം. അങ്ങനെ മാറി നിന്ന് നോക്കുന്ന ഒരു സമയമായിരുന്നു അത്. സ്വയം വിലയിരുത്താൻ ഏറ്റവും നല്ല മാർഗമാണത് എന്നും മീര ജാസ്മിൻ പറഞ്ഞു.
അതേസമയം വലിയൊരു ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും നരേനും ഒന്നിക്കുന്ന ചിത്രമാണ് ക്വീൻ എലിസബത്ത്. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു റൊമാൻറിക് കോമഡി എന്റർടെയിനറായാണ് ചിത്രം എത്തുന്നത്. മീര ജാസ്മിനെയും നരേനെയും കൂടാതെ മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ശ്വേതാ മേനോൻ, രമേശ് പിഷാരടി, വികെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, ആര്യ, ശ്രുതി രജനികാന്ത്, മഞ്ജു പത്രോസ് എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്