ബെംഗളൂരു: സംസ്ഥാനത്ത് ജെ എൻ 1 കോവിഡ് ഉപവകഭേദം വർദ്ധിക്കുന്നതിനിടയിൽ, പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക സർക്കാർ. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, രോഗബാധിതരായ വ്യക്തികൾക്കായി ഏഴ് ദിവസത്തെ ഹോം ഐസൊലേഷൻ, രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാതിരിക്കുക തുടങ്ങിയ മുൻകരുതൽ നടപടികളിൽ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു.
ചൊവ്വാഴ്‌ച ചേർന്ന അവലോകന യോഗത്തിലാണ് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പ്രായമായവരോടും രോഗങ്ങളുള്ളവരോടും മുൻകരുതൽ വാക്‌സിൻ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇത് സുഗമമാക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് 30,000 ഡോസ് കോർബെവാക്‌സ് വാക്‌സിൻ വാങ്ങാൻ സർക്കാർ തീരുമാനിച്ചു.
“മാർഗ്ഗനിർദ്ദേശങ്ങൾ ഇതാണ്- എല്ലാവരും മാസ്‌ക് ധരിക്കാൻ നിർദ്ദേശിക്കുന്നു, പ്രത്യേകിച്ച് 60 വയസ്സിന് മുകളിലുള്ളവരും കൊമോർബിഡിറ്റി ഉള്ളവരും നിർബന്ധമായും. ജലദോഷം, പനി തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയയ്‌ക്കരുത്, വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം, ആവശ്യമെങ്കിൽ പരിശോധനയ്ക്കും വിധേയമാക്കണം,” ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് ബാധിതരായ വ്യക്തികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതില്ലെങ്കിൽ ഒരാഴ്ച വീട്ടിൽ ഐസൊലേഷനിൽ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. ഹോം ഐസൊലേഷനിൽ കഴിയുന്നവർക്കും സർക്കാർ, സർക്കാരിതര മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഒരാഴ്ച നിർബന്ധിത കാഷ്വൽ ലീവ് നൽകണം, അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് ആശുപത്രിയിൽ പ്രവേശന കാലയളവിലേക്ക് പ്രത്യേക അവധി നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ കണക്കനുസരിച്ച്, മൂന്ന് മരണങ്ങൾ ഉൾപ്പെടെ ജെഎൻ.1 വേരിയന്റിന്റെ 34 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത 69 ജെഎൻ.1 കേസുകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കർണാടകയിലാണ്. നിലവിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.