വൈഗ കൊലക്കേസില്‍ വിധി ഇന്ന് ; ഏക പ്രതി അച്ഛന്‍ സനുമോഹൻ, വിധി പറയുന്നത് എറണാകുളത്തെ പ്രത്യേക കോടതി

കേസില്‍ വൈഗയുടെ അച്ഛന്‍ സനുമോഹനാണ് ഏക പ്രതി. 3400 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ പൊലീസ് സമർപ്പിച്ചിരിക്കുന്നത്.

0
196

കൊച്ചി: 10 വയസുകാരിയായ മകളെ മദ്യം നൽകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. എറണാകുളം പ്രത്യേക പോക്സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറയുന്നത്. 11 മണിയോടുകൂടി വിധി പറയും. കേസില്‍ വൈഗയുടെ അച്ഛന്‍ സനുമോഹനാണ് ഏക പ്രതി. 3400 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ പൊലീസ് സമർപ്പിച്ചിരിക്കുന്നത്.

2021 മാര്‍ച്ച് 21 നാണ് കളമശേരി മുട്ടാർ പുഴയിൽ വൈ​ഗയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിന് പിന്നാലെ അച്ഛനെ കാണാതായതും തുടര്‍ന്ന് നടത്തിയ അന്വേഷണവുമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. കായംകുളത്തെ വീട്ടിൽ നിന്ന് അമ്മയോട് യാത്ര പറഞ്ഞ് പുറപ്പെട്ടതിനുശേഷം ഇരുവരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ല. നാടുനീളെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് വൈ​ഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തിയത്. കടബാധ്യത മൂലം മകളെ കൊലപ്പെടുത്തി പിതാവ് ആത്മ​ഹത്യ ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിതാവിന്റെ മൃതദേഹത്തിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഒരു മാസത്തെ തെരച്ചിലിനൊടുവില്‍ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് സനുമോഹന്‍ പിടിയിലായതോടെയാണ് ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. മകളെ ഇല്ലാതാക്കുകയായിരുന്നു അച്ഛന്‍റെ ലക്ഷ്യം. കരീലകുളങ്ങരയിലേക്കെന്നു പറഞ്ഞ് വൈ​ഗയുമായി യാത്രതിരിച്ച സനുമോഹന്‍ വഴിയില്‍വച്ച് കോളയില്‍ മദ്യം കലര്‍ത്തി വൈഗയെ കുടിപ്പിച്ചു . തുടർന്ന്കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ കൊണ്ടുവന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം മുട്ടാർ പുഴയിൽ ഉപേക്ഷിക്കുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം സനുമോഹന്‍ കോയമ്പത്തൂരിലേക്കാണ് പോയത്. കുഞ്ഞിന്‍റെ ശരീരത്തില്‍ ധരിച്ചിരുന്ന ആഭരണം വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വര്‍, മൂകാമ്പിക തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവിൽ കഴിഞ്ഞ സനുമോഹനെ ഒരു മാസത്തോളമെടുത്താണ് പൊലീസ് പിടികൂടിയത്. കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾക്ക് പുറമേ ജുവനൈൽ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.