പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതയിൽ രണ്ട് സമയങ്ങളിലായി നടന്ന അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പുലർച്ചെ നാലുമണിയോടെ എരുമേലി പാർക്കിംഗ് ഗ്രൗണ്ടിന് സമീപമായിരുന്നു ആദ്യത്തെ അപകടം. ഇന്ന് പുലർച്ചെ നനാലു മണിയോടെയാണ് ആദ്യത്തെ അപകം നടന്നത്. എരുമേലി പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡ് കടന്ന് സമീപത്തെ തോട്ടിലേക്ക് വീഴുകയായിരുന്നു. വാഹനത്തിനുള്ളിൽ 12 തീർത്ഥാടകരാണ് ഉണ്ടായിരുന്നത്. ഇവരിൽ നാലുപേർക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്ന് പൊലീസ് അറിയിച്ചു.
പുലർച്ചെ അഞ്ചരയോടെയാണ് രണ്ടാമത്തെ അപകടം നടന്നത്. കണമല അട്ടിവളവിൽ വെച്ച്ബ്രേക്ക് നഷ്ടമായ മിനി ബസ് മതിലിലിടിച്ച് നിർത്താനുള്ള ശ്രമത്തിനിടെ റോഡിൽ വട്ടം മറിയുകയായിരുന്നു. അപകടത്തിൽ 3 തീർത്ഥാടകർക്ക് പരുക്കേറ്റു. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇവരെ മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സേഫ് സോൺ അധികൃതരെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെയും പരിക്കു ഗുരുതരമല്ല എന്ന് അധികൃതർ അറിയിച്ചു. തമിഴ്നാട്ടിൽ നിന്ന് എത്തിയ തീർത്ഥാടക വാഹനങ്ങളാണ് രണ്ടിടത്തും അപകടത്തിൽപ്പെട്ടത്.