കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിൻവലിക്കാൻ നിർദേശം ; എന്ത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിപരമായ ഇഷ്ടമെന്ന് സിദ്ധരാമയ്യ

‘നിങ്ങൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കൂ. അതെന്തിന് ഞാൻ അറിയണം ?’-സിദ്ധരാമയ്യ ചോദിച്ചു.

0
291

ബംഗളുരു: കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിൻവലിക്കാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. എക്‌സിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം ആയിരുന്നു ഹിജാബ് നിരോധന ഉത്തരവ് പിൻവലിക്കും എന്നത്. വെള്ളിയാഴ്ച മൈസൂരില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് സിദ്ധരാമയ്യ ഇക്കാര്യം പ്രതിപാദിച്ചത്. സ്ത്രീകൾക്ക് ഹിജാബ് ധരിച്ച് പുറത്ത് പോകാമെന്നും അധികൃതരോട് ഇത് സംബന്ധിച്ച ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകിയതായും സിദ്ധരാമയ്യ അറിയിച്ചു.

ധരിക്കുന്ന വസ്ത്രത്തിന്റേയും, ജാതിയുടേയും പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് ഭാരതീയ ജനതാ പാർട്ടിയെന്ന് സിദ്ധരാമയ്യ ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാനും ഇഷ്ടമുള്ളത് കഴിക്കാനുമുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിങ്ങൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കൂ. അതെന്തിന് ഞാൻ അറിയണം ?’-സിദ്ധരാമയ്യ ചോദിച്ചു. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ കഴിക്കും, നിങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ കഴിക്കൂ. ഞാന്‍ മുണ്ടുടുക്കും, നിങ്ങള്‍ ഷര്‍ട്ടും പാന്റ്സും ധരിക്കൂ. അതില്‍ എന്താണ് തെറ്റ്?’ എന്നും അദ്ദേഹം പറ‍ഞ്ഞു.

കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാറാണ് ഫെബ്രുവരി 2022 ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത്. പിന്നാലെ വലിയ പ്രതിഷേധങ്ങൾ കർണാടകയിൽ അരങ്ങേറി. ശിവമോഗയിൽ 144 വരെ പ്രഖ്യാപിച്ചിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ നിരോധനം ശരിവെയ്ക്കുന്ന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്..