ആനയും കുട്ടിയാനയും കിണറ്റിൽ വീണു ; രക്ഷപെടുത്തുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥനും നാട്ടുകാരനും പരുക്ക്

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ സ്വയം കരകയറാന്‍ ആന ശ്രമിച്ചെങ്കിലും ഫലവത്തായില്ല. വൈകാതെ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ആനയെ കരയ്ക്ക് കയറ്റുകയായിരുന്നു.

0
181

കൊച്ചി: എറണാകുളം കുട്ടമ്പുഴ അഞ്ചുകുടിയിൽ മാമലക്കണ്ടത്ത് ആനയും കുട്ടിയാനയും കിണറ്റിൽ വീണു. രാവിലെ അഞ്ച് മണിയോടെയാണ് ആൾതാമസം ഇല്ലാത്ത വീടിന്റെ തൊട്ടടുത്തുള്ള കിണറിൽ രണ്ട് ആനകളും വീണത്. അധികം ആഴമില്ലാത്ത എന്നാല്‍ വലിയ വ്യാപ്തിയുള്ള കിണര്‍ ആണിത്. വിവരമറിഞ്ഞ നാട്ടുകാര്‍ ഉടൻ വനം വകുപ്പിനെ വിളിച്ചുവരുത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ സ്വയം കരകയറാന്‍ ആന ശ്രമിച്ചെങ്കിലും ഫലവത്തായില്ല. വൈകാതെ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ആനയെ കരയ്ക്ക് കയറ്റുകയായിരുന്നു.

ജെസിബി ഉപയോഗിച്ച് മണ്ണ് വെട്ടി മാറ്റിയാണ് ആനകളെ കിണറിൽ നിന്ന് രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വനംവകുപ്പ് ജീവനക്കാരനും നാട്ടുകാരനും പരിക്കേറ്റു. ആനയെ കിണറ്റില്‍ നിന്ന് കരയ്ക്ക് കയറ്റാനുള്ള ശ്രമത്തിനിടെയാണ് ആന ആക്രമിച്ചത്. പുറത്തെത്തിച്ച ആനകളെ ആനക്കൂട്ടത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടു. ആനയ്ക്കും കുട്ടിയാനയ്ക്കും പരുക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജനവേസ മേഖലയാണ് ഈ പ്രദേശം. എന്നാൽ വനം തൊട്ടടുത്താണ്. ഇവിടെ ആന ശല്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.