ചെന്നൈ: സർക്കാരും ഗവർണറുമായി തുറന്ന പോര് നിലനിൽക്കെ സംസ്ഥാനത്തെ പ്രണയക്കെടുതികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഗവർണർ വിളിച്ച അവലോകന യോഗത്തിൽ നിന്ന് പിന്മാറി സർക്കാർ. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഗവർണറുടെ അവലോകന യോഗത്തിലേക്ക് പ്രതിനിധികളെ അയച്ചില്ലെന്നാണ് റിപ്പോർട്ട്. ഭരണകക്ഷിയായ ഡി എം കെയും ഗവർണർ രവിയും തമ്മിൽ നിരവധി വിഷയങ്ങളിൽ തർക്കം നിലനിൽക്കുന്നുണ്ട്.
തമിഴ്‌നാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ഗവർണർ ആർ എൻ രവി ചൊവ്വാഴ്ച രാജ്ഭവനിൽ കേന്ദ്ര ഏജൻസികളിലെയും സായുധ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തിയിരുന്നു. പ്രതിനിധിയെ അയക്കണമെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാരിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും യോഗത്തിൽ പങ്കെടുത്തില്ലെന്നും രാജ്ഭവൻ അറിയിച്ചു.
നിലവിലെ സാഹചര്യവും രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങളും അവലോകനം ചെയ്യുന്നതിനും മികച്ച ഏകോപനം കൊണ്ടുവരുന്നതിനും പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി കൂടുതൽ വിഭവങ്ങൾ സമാഹരിക്കുന്നതിനുമാണ് യോഗം ചേർന്നതെന്ന് രാജ്ഭവൻ അറിയിക്കുന്നത്. എന്നാൽ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഒരു ഘട്ടത്തിൽ തമിഴ്നാട് സർക്കാരും ഗവർണറും തമ്മിൽ തുറന്ന പോരിലേയ്ക്കുവരെ എത്തിയ സാഹചര്യമുണ്ടായിട്ടുണ്ട്. ഗവർണർ കേന്ദ്ര സർക്കാരിൻ്റെ കൈയ്യാളായി നിന്ന് തമിഴ്നാടിൻ്റെ അവകാശങ്ങൾ നഷ്ടമാക്കുകയും സംഘപരിവാർ രാഷ്ട്രീയം കളിക്കുകയുമാണെന്ന ആക്ഷേപമാണ് സർക്കാർ ഉന്നയിക്കുന്നത്. കേരളത്തിലേതിന് സമാനമാണ് തമിഴ്നാട്ടിലേയും തർക്കം.