ടെലികോം നെറ്റുവർക്കുകൾ എപ്പോൾവേണമെങ്കിലും സർക്കാരിന് പിടിച്ചെടുക്കാം; കരട് ബില്ലുമായി കേന്ദ്രം

പൊതുസുരക്ഷ മാനിച്ച് വ്യക്തികൾ തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നത് നിർത്തിവെയ്ക്കാൻ സർക്കാരിനാകും എന്നതാണ് പുതിയ ബില്ലിൻ്റെ പ്രത്യേകത.

0
163

ന്യൂഡൽഹി: ടെലി കമ്യൂണിക്കേഷൻ നിയമങ്ങളിൽ മാറ്റം വരുത്താൻ തയ്യാറെടുത്ത് കേന്ദ്രം. ടെലികോം നെറ്റുവർക്കുകൾ എപ്പോൾവേണമെങ്കും പിടിച്ചെടുക്കാൻ സർക്കാർ സംവിധാനങ്ങൾക്കോ അവർ ചുമതല ഏൽപ്പിക്കുന്ന ഏജൻസിക്കോ ചുമതല നൽകുന്നതാണ് കരടു ബിൽ. പൊതുസുരക്ഷയും അടിയന്തിര സാഹചര്യവും കണക്കിലെടുത്താണ് ടെലികോം നെറ്റുവർക്കുകൾ പിടിച്ചെടുക്കാൻ തീരുമാനിക്കുന്നതെന്നാണ് കേന്ദ്ര വാദം. കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവാണ് ലോക്സഭയിൽ കരട് ബിൽ അവതരിപ്പിച്ചത്.

ദുരന്ത നിവാരണം ഉൾപ്പെടെയുള്ള പൊതു അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകുന്ന വേളയിലോ പൊതുസുരക്ഷയുടെ താല്പര്യങ്ങൾ മുൻനിർത്തിയോ ആണിത് പ്രവർത്തിക്കുക. കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ പ്രത്യേകം അധികാരപ്പെടുത്തിയ എതെങ്കിലും ഉദ്യോഗസ്ഥന് ഒരു അറിയിപ്പിലൂടെ ടെലികമ്മ്യൂണിക്കേഷൻ സേവനമോ നെറ്റ് വർക്കോ ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് താൽകാലികമായി കൈവശപ്പെടുത്താമെന്നും ബില്ലിൽ പറയുന്നു.

അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരുടെ സന്ദേശങ്ങൾ തടസ്സപ്പെടുത്തില്ലെന്ന് ബിൽ പറയുന്നുണ്ട്. സബ് സെക്ഷൻ (2) ലെ ക്ലോസ് (എ) ക്ലോസ് പ്രകാരം വിവരക്കൈമാറ്റം നിരോധിക്കാത്തിടത്തോളം ഇത് നിലനിൽക്കും. പൊതുസുരക്ഷ മാനിച്ച് വ്യക്തികൾ തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നത് നിർത്തിവെയ്ക്കാൻ സർക്കാരിനാകും.

ടെലികോം നെറ്റ്‍വർക്കുകൾ ഇങ്ങനെ നിർത്തിവെയ്ക്കാനും സർക്കാരിന് അധികാരം ലഭിക്കും. നിയമവിരുദ്ധമായി സന്ദേശങ്ങൾ തടസപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവോ രണ്ട് കോടി രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്നും ബില്ലിൽ പറയുന്നുണ്ട്. കരട് വ്യവസ്ഥ ചെയ്യുന്നത് അനുസരിച്ച് ടെലികോം തർക്ക പരിഹാരത്തിനും അപ്പലേറ്റ് ട്രൈബ്യൂണലിനും രൂപം നൽകും.