ഗവര്‍ണര്‍ സ്വീകരിക്കുന്നത് അസാധാരണമായ നടപടികൾ ; കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട സമയമായെന്നും മുഖ്യമന്ത്രി

ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഉപയോഗിക്കാനാകുന്ന വാക്കുകളാണോ അദ്ദേഹം പറഞ്ഞത്. ഓരോ കാര്യത്തിലും പരമാവധി പ്രകോപനം സൃഷ്ടിക്കാനാണ് ​ഗവർണർ ശ്രമിച്ചത്.

0
194

കൊട്ടാരക്കര: ഗവർണർ നടത്തുന്നത്‌ കേരളത്തിന്റെ സമാധാനം തകർക്കാനുള്ള നീക്കമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണര്‍ അസാധാരണമായ നടപടികളാണ് സ്വീകരിക്കുന്നത്.ഏതെങ്കിലും ഗവര്‍ണര്‍ ആളുകളുടെ നേരെ ചാടി കയറിയിട്ടുണ്ടോ. ഒരു പ്രതിഷേധ രൂപം കാണിക്കുമ്പോള്‍ ആ പ്രതിഷേധത്തിന് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്ത് എവിടെയെങ്കിലുമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഗവര്‍ണറെ സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട സമയമായെന്നും അതിനുള്ള നടപടി സ്വീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഗവർണറുടെ നടപടികൾ രാജ്യംതന്നെ ശ്രദ്ധിക്കുന്ന അവസ്ഥയിലെത്തി. സെനറ്റിലേക്ക്‌ ആളെ നാമനിർദേശം ചെയ്യുമ്പോൾ സർവകലാശാലയിൽനിന്ന്‌ പാനൽ വാങ്ങി അതിൽനിന്ന്‌ നിയമിക്കുക എന്നതാണ്‌ ചാൻസലർമാർ സ്വീകരിക്കേണ്ട നിലപാട്‌. സർവകലാശാല നൽകാത്ത പേരുകൾ എവിടെനിന്നാണ്‌ ചാൻസലർക്ക്‌ കിട്ടുന്നത്‌. പാനലിൽ വിവേചനാധികാരം ഉപയോഗിക്കുന്നത്‌ മനസ്സിലാക്കാം. എന്നാൽ, പാനലിലില്ലാത്ത പേരുകൾ ഏത്‌ കേന്ദ്രമാണ്‌ നൽകിയത്‌. ആർഎസ്‌എസിൽനിന്ന്‌ കിട്ടിയ നിർദേശത്തിന്റെ ഭാഗമായാണ്‌ ഈ നടപടിയെന്ന്‌ മാധ്യമങ്ങൾതന്നെ മുമ്പ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ ജനപ്രതിനിധിയും മന്ത്രിയുമായിട്ടുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ ഒരാൾ എങ്ങനെയാണ് പ്രതിഷേധിക്കുന്നവരെ ക്രിമിനൽസ് എന്ന് വിളിക്കുക. വിവേകമില്ലാത്ത നടപടിയാണിത്‌. ഇന്നേവരെ ഏതെങ്കിലും ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി അയാൾക്കെതിരെ കരിങ്കൊടി കാണിക്കുന്നവരെ അങ്ങോട്ട് പാഞ്ഞടുത്ത് നേരിടാൻ പോയിട്ടുണ്ടോ? എന്താണ് അതിന്റെ അർഥം. അദ്ദേഹത്തിന്റെ പ്രകടനംകണ്ട ഏതൊരാളും എന്താണ് പറ്റിയതെന്ന് ആലോചിക്കും. ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഉപയോഗിക്കാനാകുന്ന വാക്കുകളാണോ അദ്ദേഹം പറഞ്ഞത്. ഓരോ കാര്യത്തിലും പരമാവധി പ്രകോപനം സൃഷ്ടിക്കാനാണ് ​ഗവർണർ ശ്രമിച്ചത്.

ചില കേന്ദ്ര സര്‍ക്കാരിന്റെ വക്താക്കള്‍ ഗവര്‍ണറെ ന്യായീകരിക്കാന്‍ പുറപ്പെടുന്നതും കാണുന്നതുണ്ട്. അവരുമായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കേന്ദ്രസംസ്ഥാന ബന്ധം വഷളാക്കുക അല്ല ഉദ്ദേശ്യമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ തിരുത്തിക്കാനുള്ള ഇടപെടല്‍ വേണം. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. വളരെ ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അവിടെ ഒരു കലുഷിത അന്തരീക്ഷം സൃഷ്ടിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്’ -മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.