കൊച്ചി : പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ സംഭവത്തിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ. പലാരിവട്ടം പൊലീസാണ് അറസ്‌റ്റ് ചെയ്തത്. ഷാജൻ വയർലെസ് സന്ദേശം ചോർത്തിയതും യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ മുഹമ്മദ് ഫിർദൗസാണ് കോടതിയെ സമീപിച്ചത്. ഷാജൻ സ്‌കറിയയ്‌ക്കും ഗൂഗിളിനുതിരെ കേസെടുക്കണമെന്ന് എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യഹർജി നൽകിയിരുന്നു. ജാമ്യഹർജി അനുവദിച്ചെങ്കിലും പാലരിവട്ടം സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. തുടർന്ന് തിങ്കൾ രാവിലെ ഹാജരായപ്പോഴാണ് അറസ്‌റ്റ് ചെയ്‌തത്.
സൈബർ തീവ്രവാദം എന്ന വകുപ്പ് ചുമത്തിയാണ് ഷാജൻ സ്‌കറിയയെ പോലീസ് അറസ്‌റ്റ് ചെയ്തത്. ഷാജൻ സ്‌കറിയയുടെ പ്രവൃത്തി സൈബർ തീവ്രവാദമാണെന്ന പരാതിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടാണ് കേസെടുത്ത് അന്വേഷണം നടത്താൻ പാലാരിവട്ടം പൊലീസിനോട് നിർദേശിച്ചത്. അന്വേഷണറിപ്പോർട്ട് കോതിയിൽ സമർപ്പിക്കാനും കോടതി പൊലീസിനോട് നിർദ്ദേശിച്ചിരുന്നു. ഗൂഗിളാണ് സ്വകാര്യ അന്യായത്തിലെ ഒന്നാംപ്രതി. ഗൂഗിൾ ഇന്ത്യയുടെ പ്രതിനിധികളാണ് രണ്ടുമുതൽ ഏഴുവരെ പ്രതികൾ. ഷാജൻ സ്‌കറിയയും സഹപ്രവർത്തകരും ഒമ്പതുമുതൽ 11 വരെയുള്ള പ്രതികളാണ്. ചോദ്യം ചെയ്യലിന് ശേഷം ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ഷാജൻ സ്‌ക്കറിയയെ ജാമ്യത്തിൽ വിട്ടയച്ചു.