3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 4 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

0
181

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ മഴ ശക്തമാകുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രാത്രി മുതൽ മഴ ലഭിക്കും. നഗര, മലയോരമേഖലകളിൽ ഇന്ന് ഭേദപ്പെട്ട മഴ രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കോമൊറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഡിസംബർ 19 വരെ ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.

മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണെന്നും കാലാവസ്ഥ വകുപ്പ് നിർദേശിക്കുന്നു.